ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലാണ് ആക്രമണം നടന്നത്
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. സോഫിയ ഇസ്മായിൽ (45) ആണ് കൊല്ലപ്പെട്ടത്. ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലാണ് ആക്രമണം നടന്നത്. കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷോധവുമായി കൊമ്പൻപാറയിൽ നാട്ടുകാർ രംഗത്തെത്തി.
മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരമായി കാട്ടാന ശല്യത്തിൽ പരാതിപ്പെടുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് നിരവധി കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി ആറിന് ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 57കാരനായ ഇടുക്കി മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടത്. ഒൻപത് പേരടങ്ങുന്ന സംഘം വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ ഫയർ ലൈൻ ഇടാൻ പോയതായിരുന്നു. പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിഞ്ഞു എന്നാണ് കൂടെ ഉണ്ടായവർ പ്രതികരിച്ചത്.
ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയാകെ ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവായിരിക്കുന്നു. കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ജീവിതം നയിക്കുന്നവരുമുണ്ട് ഇടുക്കിയിൽ.
ഭീതിപ്പെടുത്തുന്ന കണക്കാണ് കാട്ടാനക്കലിയിൽ ഇടുക്കി ജില്ലയിലുണ്ടായിട്ടുള്ളത്. 2023 ജനുവരി മുതൽ ഡിസംബർ വരെ ഏഴു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാർ വൈൽഡ് ലൈഫ് കണക്ക് പ്രകാരം 2003 മുതൽ 2023 വരെ 49 പേരെ കാട്ടാന കൊന്നു. വേദനപ്പിക്കുന്ന കാഴ്ചയായി ചില ജീവിതങ്ങളെയും നമുക്ക് ഇടുക്കിയിൽ കാണാം. മൂന്നാർ മേഖലയിലെ ചിന്നക്കനാലിന് പുറമേ സൂര്യനെല്ലി, ബി എൽ റാം, സിങ്കുകണ്ടം, കോഴിപ്പന്നക്കുടി, 301 കോളനി തുടങ്ങിയ ആദിവാസികൾ ഉൾപ്പെടെ താമസിക്കുന്ന ജനവാസ മേഖലകളിലാണ് കാട്ടാന ഭീതിയിലുള്ളത്. ഈ പ്രദേശങ്ങൾ കൂടാതെ ഹൈറേഞ്ചിന്റെ മറ്റു മേഖലകളായ മറയൂർ, കട്ടപ്പനയിലെ കാഞ്ചിയാർ കുമളിയിലെ വള്ളക്കടവ്, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലും മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കുകയാണ് കാട്ടാനകൾ.