fbwpx
SPOTLIGHT| എന്തിനാണ് ഈ സിനിമാ സമരം?
logo

ന്യൂസ് ഡെസ്ക്

Posted : 12 Feb, 2025 04:40 PM

ഏതു സിനിമയിലും സംഭവം ഉണ്ടെങ്കില്‍ കോരിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ അടിസ്ഥാന വര്‍ഗം. അവരെ ആനന്ദിപ്പിക്കുന്നില്ല എന്നാല്‍ അതിനുള്ള സംഗതി സിനിമയില്‍ ഇല്ല എന്നു തന്നെയാണ്

Malayalam Movies


മലയാള സിനിമ കൊടിയ നഷ്ടത്തില്‍. ജനുവരിയില്‍ ലാഭം ഒരു സിനിമയ്ക്കു മാത്രം. താരങ്ങള്‍ കോടികളുമായി ഓടിപ്പോകുന്നു. വിദേശ റൈറ്റ്‌സിന് താരകുമാരന്മാര്‍ നിര്‍ബന്ധം പിടിക്കുന്നു. ഒടിടി റൈറ്റ്‌സ് താരങ്ങള്‍ തന്നെ സ്വന്തമാക്കുന്നു. ഇതൊക്കെ പറയുന്നത് ആരാണ്? ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അഥവാ സിനിമയുടെ നിര്‍മാതാക്കള്‍. നിര്‍മാതാക്കള്‍ എന്നു പറഞ്ഞാല്‍ ആരാണ്? സിനിമയ്ക്കു പണം മുടക്കുന്നവര്‍. പണം മുടക്കുന്നവര്‍ എന്നാല്‍ സംരംഭകനാണ്. നഷ്ടക്കച്ചവടത്തിന് പണം മുടക്കി എന്നാല്‍ അതിന്റെ അര്‍ത്ഥം സംരഭകത്വം മോശമാണ് എന്നല്ലാതെ വേറെന്താണ്. നോക്കിയും കണ്ടും പണം മുടക്കാന്‍ അറിയില്ല എന്നാണ് അതില്‍ നിന്നു മനസ്സിലാക്കേണ്ടത്. താരങ്ങളുടെ പ്രതിഫലം കുറച്ചാല്‍ തീരുന്നതാണോ മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍? താരങ്ങള്‍ നിര്‍മാതാക്കളുടെ വീട് റെയ്ഡ് ചെയ്തു കൊണ്ടുപോകുന്നതാണോ ഈ പ്രതിഫലം? കരാറുണ്ടാക്കുമ്പോള്‍ ഇത്ര രൂപയേ തരാന്‍ നിവൃത്തിയുള്ളൂ, വന്ന് അഭിനയിക്കണം എന്നു പറയാനുള്ള നെഞ്ചുറപ്പില്ലാത്തവരാണോ നിര്‍മാതാക്കള്‍?



എന്തിനാണ് ഈ സിനിമാ സമരം?



സിനിമ നിലനില്‍ക്കേണ്ടത് നിര്‍മാതാക്കളുടെ മാത്രം ആവശ്യമല്ല. താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും കൂടി അനിവാര്യതയാണ്. ഈ മൂന്നു കൂട്ടര്‍ക്കും മാത്രമുള്ളതല്ല സിനിമ. സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നികുതിയും കിട്ടുന്നുണ്ട്. ഇതിനെല്ലാം അപ്പുറത്ത് സിനിമ ഗുണം ചെയ്യുന്നതു സമൂഹത്തിനാണ്. രാവിലെ എട്ടുമുതല്‍ രാത്രി ആറുവരെ നെഞ്ചുകലങ്ങി പണിയെടുക്കുന്ന മേസ്തിരിമാരും മെയ്ക്കാടുമാരും, റോഡ് പണിക്കാര്‍ മുതല്‍ അതിലേറെ ജോലിചെയ്യുന്ന ഓട്ടോയും ടാക്‌സിയും ഓടിക്കുന്നവര്‍ വരെ, ബസുകളിലേയും ലോറികളിലേയും ജീവനക്കാര്‍, ഇങ്ങനെയുള്ളവര്‍ക്ക് ജീവിതത്തിലെ ആനന്ദമാണ് സിനിമ. ഇതിനൊക്കെ പുറമെ വിദ്യാര്‍ത്ഥികളില്‍ 30 ശതമാനവും സിനിമ പതിവായി കാണുന്നവരാണ്. ഇവരാണ് സിനിമ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത്. വിജയം തീരുമാനിക്കുന്നതു യൂട്യൂബ് വിഡിയോ എടുക്കുന്നവരാണെന്ന് പ്രചരിപ്പിച്ചാല്‍ അതു ശുദ്ധനുണയാണ്. ഏതെങ്കിലും വര്‍ക്കിയുടെ അഭിപ്രായം കേട്ട് തിയേറ്ററില്‍ പോകുന്നവരല്ല മേല്‍ പറഞ്ഞ വിഭാഗങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വിരാജിക്കുന്നതില്‍ 20 ശതമാനം പോലും തിയറ്ററില്‍ പോയി സിനിമ കാണുന്നവരല്ല. അവരൊക്കെ ഫോണിലെത്തുന്ന സിനിമ, അതുമല്ലെങ്കില്‍ പരമാവധി വീട്ടിലെ ടിവിയില്‍ എത്തുന്ന ഒടിടി പടങ്ങള്‍ എന്നിവ കാണുന്നവരാണ്. പകല്‍ മുഴുവന്‍ പണിയെടുക്കുന്നതിനാല്‍ ഫോണ്‍ ഒരിക്കല്‍പ്പോലും നോക്കാത്തവരാണ് നേരത്തെ പറഞ്ഞ മറ്റു വിഭാഗങ്ങള്‍. അവര്‍ കാണാന്‍ എത്തുന്നില്ലെങ്കില്‍ അതിന് തക്കതായ കാരണമുണ്ടാകും.


Also Read: അമേരിക്ക മുറിവേല്‍പ്പിച്ചത് നമ്മുടെ ആത്മാഭിമാനത്തിനോ? 


സിനിമാ കാണാനുള്ള താല്‍പര്യങ്ങള്‍



രണ്ടുകാരണങ്ങള്‍കൊണ്ടാണ് അടിസ്ഥാന വര്‍ഗം തിയറ്ററിലേക്കു വരാതിരിക്കുന്നത്. ആഴ്ചയില്‍ ഒരു സിനിമയെങ്കിലും ഉറപ്പായി കാണുന്ന അവരെ നിങ്ങള്‍ ഇറക്കിയ സിനിമ ഒട്ടും ആകര്‍ഷിക്കുന്നില്ല. റിലീസ് ദിനത്തിലെ ആദ്യ സെക്കന്‍ഡ് ഷോ തന്നെ കണ്ടു പിറ്റേന്ന് പണിസ്ഥലത്ത് കാര്യം അവതരിപ്പിക്കുന്നവരുണ്ട്. അതിനു പോകേണ്ട എന്ന് അവര്‍ പറഞ്ഞാല്‍ ആ സംഘത്തിലെ വേറൊരാളും പിന്നെ ആ വഴിക്ക് പോകില്ല. അടിസ്ഥാന വര്‍ഗത്തിന് മനസ്സിലാകാത്ത, അവരെ രോമാഞ്ചംകൊള്ളിക്കാത്ത ഒരു പടവും തിയറ്ററില്‍ ഓടില്ല. നിങ്ങള്‍ പറയുന്ന വലിയ ദാര്‍ശനികത അവര്‍ക്കു മനസ്സിലാകാത്തതു കൊണ്ടാണ് എന്നത് വെറും തെറ്റിദ്ധാരണയാണ്. ഏതു സിനിമയിലും സംഭവം ഉണ്ടെങ്കില്‍ കോരിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ അടിസ്ഥാന വര്‍ഗം. അവരെ ആനന്ദിപ്പിക്കുന്നില്ല എന്നാല്‍ അതിനുള്ള സംഗതി സിനിമയില്‍ ഇല്ല എന്നു തന്നെയാണ്. നല്ല പടമാണ്, പക്ഷേ, ആളുകയറുന്നില്ല എന്നാണ് നിര്‍മാതാക്കള്‍ തന്നെ പറയുന്നത്. ആളു കയറിയില്ലെങ്കില്‍ അതൊരു നല്ല സിനിമയല്ല എന്നു തന്നെ വിലയിലുത്തണം.



നൂറു കോടിയും നൂറാം ദിവസവും



100 കോടി ക്ലബ് എന്നത് തട്ടിപ്പാണെന്നും അങ്ങനെ 100 കോടി പിരിച്ച ഒരു സിനിമയും മലയാളത്തില്‍ ഇല്ലെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു. 100 കോടിക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പണ്ട് നൂറാം ദിവസം എന്നു പറഞ്ഞ് പരസ്യം ചെയ്തിരുന്ന പല സിനിമകളും ഇങ്ങനെയായിരുന്നു. 60 ദിവസം കഴിഞ്ഞാല്‍ പലതും നിര്‍മാതാവിന്റെ സ്വന്തം തിയറ്ററിലോ അല്ലെങ്കില്‍ ബന്ധുവിന്റെയോ അടുപ്പക്കാരന്റെയോ തിയറ്ററിലോ മോണിങ് ഷോ എന്ന് ലിസ്റ്റ് ചെയ്ത് ഉണ്ടാക്കുന്നതായിരുന്നു 100 ദിനം. ആ ഷോയ്ക്ക് ആളുകയറുന്ന പതിവ് ഉണ്ടായിരുന്നുമില്ല. 100 കോടി പിരിക്കുന്ന സിനിമയുടെ 18 കോടി ജിഎസ്ടിയായി പോകും. എട്ടരക്കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള എന്റര്‍ടൈന്‍മെന്റ് ടാക്‌സ്. ഇതു രണ്ടും കഴിഞ്ഞാല്‍ വരുന്ന എഴുപത്തിമൂന്നരക്കോടി രൂപയാണ്. അതിന്റെ പകുതി തിയറ്ററുകള്‍ക്കു പോകും. വിതരണ ചെലവുകൂടി കഴിഞ്ഞ് നിര്‍മാതാവിന്റെ കയ്യില്‍ എത്തുന്നത് 35 കോടി രൂപയായിരിക്കും. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി എത്തിയിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം 35 കോടി രൂപയില്‍ താഴെ മാത്രമാണ് നിര്‍മാതാവിന് കിട്ടുന്നത് എന്നാണ്. ഈ വസ്തുത മുന്നിലിരിക്കെ 40 കോടിയും അന്‍പതുകോടിയും നൂറുകോടിയും സിനിമയ്ക്ക് മുടക്കുന്നത് എന്തിനാണ്.


Also Read:  മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കള്ളവോട്ടോ? 


സിനിമ കലയോ വ്യവസായമോ?



എമ്പുരാന്‍ എന്ന സിനിമയുടെ മുടക്ക് 141 കോടി രൂപയാണ്. ഈ തുക ആന്റണി പെരുമ്പാവൂര്‍ പറഞ്ഞെന്നാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ അറിയിച്ചത്. അതില്‍ മോഹന്‍ലാലിന്റെയും സംവിധായകനായ പ്രഥ്വിരാജിന്റെയും വിഹിതം ചേര്‍ത്തിട്ടുമില്ല. ഇത്രയേറെ പണം മുടക്കിയ ശേഷം കേരളത്തിലെ തിയറ്ററില്‍ നിന്ന് പരമാവധി കിട്ടാന്‍ സാധ്യതയുള്ളത് എത്രയാണ്. 100 കോടി കിട്ടിയാല്‍ തന്നെ അതില്‍ 35 കോടിയേ കയ്യിലെത്തൂ. ഒടിടിയും പാന്‍ ഇന്ത്യ റിലീസും ഒക്കെ വിജയിച്ചാല്‍ തന്നെ മറ്റൊരു 100 കോടി കൂടി കിട്ടാം. മലയാളത്തില്‍ ഇറങ്ങി പാന്‍ ഇന്ത്യ വിജയിച്ച സിനിമകള്‍ തന്നെ ഇല്ല എന്നു പറയാം. തമിഴ്‌നാട്ടില്‍ നന്നായി ഓടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഏക അപവാദം. അത് കൊടൈക്കനാലിലെ ഗുണ കേവ്‌സ് കൊണ്ടുവന്ന കാഴ്ചക്കാരാണ്. മലയാള സിനിമ പാന്‍ ഇന്ത്യ റിലീസ് ചെയ്താല്‍ അവിടെയുള്ള മലയാളികള്‍ കാണും എന്നല്ലാതെ മറ്റാരും വരാറില്ല. അവരെ തിയറ്ററില്‍ എത്തിക്കാന്‍ ബാഹുബലിയും പുഷ്പയും പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ വേണം. അങ്ങനെ ആണെങ്കില്‍ മാത്രമാണ് എമ്പുരാന്‍ എന്ന സിനിമയ്ക്ക് മുടക്കുമുതല്‍ എങ്കിലും കിട്ടുക. ഒരു സിനിമയുടെ നിര്‍മാണം നടക്കുന്ന ദിവസങ്ങളില്‍ 200 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്നു എന്ന സത്യം തൊഴുകയ്യോടെ അംഗീകരിക്കാം. പക്ഷേ, ഒരു സിനിമ ഉല്‍പന്നം എന്ന നിലയിലാണ് നിര്‍മിക്കുന്നത് എങ്കില്‍ അതിന്റെ ലാഭക്ഷമത നോക്കേണ്ടത് ആരാണ്. അതു നിര്‍മാതാവാണ്. മുടക്കുമതലിലും കുറഞ്ഞ വിലയ്ക്ക് ആരെങ്കിലും സോപ്പും ചീപ്പും വില്‍ക്കുമോ? അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനും ജോണ്‍ ഏബ്രഹാമും ഒക്കെ നിര്‍മിച്ചിരുന്ന സിനിമകള്‍ തിയറ്റര്‍ വിജയം കാംക്ഷിച്ചായിരുന്നില്ല. അതുപോലെ ഒരു തികഞ്ഞകലാരൂപം എന്ന നിലയില്‍ നിര്‍മിക്കുകയാണെങ്കില്‍ അതിനുള്ള ചെലവ് സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കേണ്ടി വരും. തിരിച്ചുകിട്ടില്ല എന്ന ബോധ്യത്തോടെയാകും അതു ചെയ്യേണ്ടി വരിക. അല്ലെങ്കില്‍ ജോണ്‍ ഏബ്രഹാം ഒക്കെ ചെയ്തിരുന്നതുപോലെ ജനങ്ങളില്‍ നിന്നു പണം പിരിച്ച് സിനിമ നിര്‍മിച്ച് അവ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാം.


വെര്‍ട്ടിക്കല്‍ വിഡിയോ കാലത്തെ സിനിമ

മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം തിയറ്ററില്‍ നിന്ന് പണമെത്തുന്നില്ല എന്നതാണ്. പണമെത്തണം എങ്കില്‍ ആളുകയറണം. ആളുകളുടെ കയ്യില്‍ നയാ പൈസ നീക്കിയിരിപ്പ് ഇല്ലാത്ത കാലമാണ്. പിന്നെ സിനിമ പണ്ട് നാടകത്തിന് സംഭവിച്ച അതേ പശ്ചാത്തലത്തിലാണ് ഇപ്പോള്‍. സിനിമ തിയറ്ററില്‍പോയി കണ്ടു രസിക്കേണ്ടതില്ല എന്നു കരുതുന്ന ബഹുഭൂരിപക്ഷമാണ് മുന്നില്‍. നാടക അരങ്ങുകള്‍ അപ്രത്യക്ഷമായത് ഇങ്ങനെയാണ്. ഇതു വെര്‍ട്ടിക്കല്‍ വിഡിയോകളുടെ അഭിരുചി സമയമാണ്. ഫോണ്‍ കുത്തനെ പിടിച്ചുള്ള ഷോര്‍ട്ട് വിഡിയോകള്‍ ഒന്നിനു പിന്നാലെ ഒന്നായി രണ്ടും മൂന്നും മണിക്കൂര്‍ ഒക്കെ കാണുന്ന തലമുറയുടെ കാലം. അവര്‍ക്കു വിസ്താര സിനിമകള്‍ അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നുന്നില്ല. ലോകമെങ്ങും നേരിടുന്നതാണ് ഈ പ്രതിസന്ധി. അതുപരിഹരിക്കാന്‍ ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ സമരം നടത്തിയതുകൊണ്ട് സാധിക്കുമോ? സിനിമയ്ക്ക് ഇപ്പോള്‍ വേണ്ടത് കാലത്തിന് അനുസരിച്ച് മാറാന്‍ കെല്‍പ്പുള്ള ചിന്തകളാണ്. സിനിമ മാറിയേ തീരൂ എന്നാണ് ഇന്നത്തെ തലമുറ ഓര്‍മിപ്പിക്കുന്നത്.

KERALA
അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകള്‍; ആലപ്പുഴയില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന
Also Read
user
Share This

Popular

KERALA
KERALA
വഞ്ചിയൂരിൽ വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസ്: എം.വി. ഗോവിന്ദനെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി