അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു
രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ. കെ. അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും അറിയിച്ചു. ചൊവ്വാഴ്ചയും വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ALSO READ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; വയനാട് അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു
പ്ലാന്റേഷനില്‍ സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയില്‍ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടാനയാക്രമണത്തില്‍ നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു ആനയുടെ ആക്രമണം. മാനുവിൻ്റെ മരണത്തിൽ ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും ചേർന്ന് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
അതേസമയം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം സംഘടിപ്പിക്കും. വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാൻ നിർദേശം നൽകാനാണ് സാധ്യത. തദ്ദേശീയരായ യുവാക്കളെ ചേർത്ത് പ്രൈമറി റെസ്പോൺസ് ടീം ശക്തിപ്പെടുത്താനും നീക്കമുണ്ട്.