സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു
വടകരയിൽ ഒൻപതു വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ കുടുംബം. പ്രതിക്ക് വളരെ പെട്ടെന്ന് ജാമ്യം കിട്ടിയെന്ന് പെൺകുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പ്രതിക്ക് പൊലീസ് ചെലവിൽ വടകര വരെ എത്തി വീട്ടിൽ പോകാൻ കഴിയുന്ന സ്ഥിതിയായെന്നും കുടുംബം ആരോപിച്ചു.
കുട്ടിയുടെ ചികിത്സയ്ക്കും മറ്റുമായി വൻ ചെലവുണ്ടായതായി കുടുംബം പറഞ്ഞു. സാമ്പത്തിക നില അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കണ്ണൂരിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കോഴിക്കോട്ട് തങ്ങുകയാണ്. വെല്ലൂരിൽ ഒരു മാസത്തിൽ അഞ്ചുലക്ഷത്തിന് മുകളിലാണ് ചെലവ്. മറ്റ് സ്വകാര്യ ആശുപത്രികളിലും വൻ ചെലവുണ്ടാവും. സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.
ALSO READ: വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവം; പ്രതി ഷെജീലിന് ജാമ്യം
സംസ്ഥാനത്തെ വാഹനാപകട നിയമങ്ങളിൽ മാറ്റം വരണമെന്നും ഇവർ പറഞ്ഞു. ദുർബലമായ നിയമം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കുടുംബം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതി ഷെജീലിന് ജാമ്യം നൽകിയത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിനു ഐപിസി 304 എ പ്രകാരമായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. വ്യാജ രേഖ ചമച്ചു ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഷെജീലിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17 നാണ് വടകരയിൽ വെച്ച് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ദൃഷാനയേയും മുത്തശ്ശിയേയും ഇടിച്ചുതെറിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുത്തശ്ശി ബേബി മരിച്ചു. ദൃഷാന ഇപ്പോഴും കോമയിൽ തുടരുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമായിരുന്നു വാഹനം കണ്ടെത്തിയത്. തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചായിരുന്നു അപകടം. പ്രതി അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകട കാരണം. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അപകടത്തിന് പിന്നാലെ മാർച്ച് 14ന് പ്രതി വിദേശത്തേക്ക് രക്ഷപെട്ടിരുന്നു. അപകടം നടന്ന് 10 മാസത്തിനുശേഷമാണ് വാഹനവും വാഹന ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചത് വാഹനം കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ ഷാർജയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഷെജീലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.