ജനുവരി 27ന് ആക്സിസ് ബാങ്ക് വീട് ജപ്തി ചെയ്തതോടെ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബവും ദുരിതത്തിലായത്
വീട് ജപ്തി ചെയ്തതിനെ തുടർന്ന് ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബവും ദുരിതത്തിലായി. ജനുവരി 27ന് ആക്സിസ് ബാങ്ക് വീട് ജപ്തി ചെയ്തതോടെ പട്ടികജാതി കുടുംബം കഴിഞ്ഞ 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ. അടൂർ ആനന്ദപ്പള്ളിയിലാണ് സംഭവം. എട്ടുലക്ഷത്തി മുപ്പതിനായിരത്തോളം രൂപയാണ് ലോണെടുത്തത്. ഏകദേശം 4ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്. മകനാണ് ലോണെടുത്തത്. മകനിപ്പോൾ അതിനുള്ള വരുമാനം ഇല്ലെന്ന് സുകുമാരൻ്റെ ഭാര്യ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: "വന്യജീവി ആക്രമണം രൂക്ഷമാവുന്നു"; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
വാർഡ് മെമ്പറെ പോയി കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിൻ്റെ പിറകെ നടന്ന് നൂലാമാലകളൊന്നും പിടിക്കാൻ വയ്യെന്നായിരുന്നു മെമ്പറുടെ പ്രതികരണം. അറിയാവുന്നവരോടൊക്കെ പോയി കാര്യം പറഞ്ഞു. സർക്കാർ നാല് ലക്ഷം രൂപ തന്നു. ബാക്കി പണി പൂർത്തിയാക്കാനാണ് ലോണെടുത്തതെന്ന് സുകുമാരൻ പറഞ്ഞു.
"മരിക്കുന്നതിന് മുമ്പ് ഒരു വീട് വെക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒന്നിനും വയ്യ, ശരീരത്തിൻ്റെ ഒരു ഭാഗം തളർന്നിരിക്കുകയാണ്. പരസഹായമിലല്ലാതെ നടക്കാൻ പറ്റില്ല", സുകുമാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.