എൽജി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയിൽ എക്സ് ടിവി ആപ്പിൻ്റെ ബീറ്റ പതിപ്പ് ലഭ്യമാണ്
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിനെ ഒരു ജനപ്രിയ മൾട്ടിമീഡിയ പ്ലാറ്റ്‌ഫോമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ടെസ്‌ല മോട്ടോഴ്‌സിൻ്റെ സിഇഒ ഇലോൺ മസ്‌ക്. എക്‌സ് ടിവിയുടെ ബീറ്റ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലെ പുതിയ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ സിനിമകളും മറ്റും തത്സമയം കാണാൻ കഴിയും. മറ്റ് മീഡിയ പ്ലെയറുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.
എൽജി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയിൽ എക്സ് ടിവി ആപ്പിൻ്റെ ബീറ്റ പതിപ്പ് ലഭ്യമാണ്. കൂടുതൽ ഫീച്ചേഴ്സ് ഉടൻ വരുമെന്നാണ് റിപ്പോർട്ട്. റീപ്ലേ ടിവി, സ്റ്റാർട്ട് ഓവർ ടിവി, ക്ലൗഡ് ടിവി എന്നി പ്രധാന സവിശേഷതകളാണ് ബീറ്റ പതിപ്പിനുള്ളത്. റീപ്ലേ ടിവി ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 72 മണിക്കൂർ വരെ ഷോകൾ ക്ലൗഡിൽ റെക്കോർഡ് ചെയ്യാൻ കഴിയും.
ALSO READ: എക്സ് പ്രവർത്തിക്കുന്നത് ഇങ്ങനെ! ആപ്പ് അൽഗോരിതം വിശദീകരിച്ച് ഇലോൺ മസ്ക്
സ്റ്റാർട്ട്ഓവർ ടിവിയിലൂടെ ഏത് ലൈവ് ഷോയും തുടക്കം മുതൽ കാണാനും സാധിക്കും. സൗജന്യ ക്ലൗഡ് ഡിവി ആണ് മറ്റൊരു പ്രധാന ഫീച്ചർ. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അധിക ചിലവുകളില്ലാതെ 100 മണിക്കൂർ വരെയുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യാനാകും. സമൂഹമാധ്യമമായ എക്സിൽ ലൈവ് സ്ട്രീമിംഗ് അനുവദിക്കുന്നതിലൂടെ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. നിലവിൽ യുഎസിൽ മാത്രമാണ് ആപ്പിൻ്റെ ബീറ്റ പതിപ്പ് ലഭ്യമാകുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ആപ്പിൻ്റെ ലഭ്യത കൂടുതൽ വിപുലീകരിക്കാനാണ് സാധ്യത.