കൊച്ചി സ്വദേശിയിൽ നിന്നും നാല് കോടിയോളം രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ ഇയാൾ തട്ടിയെടുത്തിരുന്നു
കൊച്ചി സൈബർ പൊലീസ് കഴിഞ്ഞ ദിവസം പിടി കൂടിയ യുവമോർച്ച നേതാവ് ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സമ്പാദിച്ചത് 40 കോടിയിലേറെ രൂപയാണെന്ന് കൊച്ചി സൈബർ പൊലീസ്. രാജ്യത്താകമാനം ഡിജിറ്റൽ അറസ്റ്റിലൂടെ നടത്തിയ തട്ടിപ്പിൻ്റെ കണക്കാണിത്. കേരളത്തിൽ മാത്രം 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉൾപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശിയായ ലിങ്കൺ ബിശ്വാസിനെ കൊച്ചി സൈബർ പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കംബോഡിയയിൽ വേരുകളുള്ള വൻ റാക്കറ്റിൻ്റെ ഭാഗമാണ് ഇയാളെന്നാണ് പൊലീസിൻ്റെ സംശയം. രാജ്യത്തെ ഞെട്ടിച്ച വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പലതിൻ്റേയും സൂത്രധാരനാണ് ഇയാളെന്നും വ്യക്തമായി.
കൊച്ചി സ്വദേശിയിൽ നിന്നും നാല് കോടിയോളം രൂപ ലിങ്കൺ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്തിരുന്നു. റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയെ, ആധാർ കാർഡുമായി ബന്ധിപ്പിച്ച സ്വന്തം സിം കാർഡ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്താണ് ഇയാൾ പണം തട്ടിയത്.
ലിങ്കൺ ബിശ്വാസ് കൊൽക്കത്തയിൽ വീട് നിർമാണം തുടങ്ങിയത് കേരളത്തിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചായിരുന്നു. തട്ടിപ്പ് പണം ഉപയോഗിച്ച് ആഡംബര കാറുകളും ബൈക്കുകളും ഇയാൾ വാങ്ങിയതായി കണ്ടെത്തി. രാജ്യത്തെ വെര്‍ച്വല്‍ അറസ്റ്റ് സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ലിങ്കണ്‍ എന്നാണ് പൊലീസ് കണ്ടെത്തൽ.