വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഒടുവില്‍ കേന്ദ്രത്തിന്റെ അംഗീകാരം. വയനാടിലേത് അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര സര്‍ക്കാര്‍ അയച്ചു. കേരളത്തിൻ്റെ നിരന്തരമായ ആവശ്യങ്ങൾക്കിടെയാണ് ഉത്തരവിറങ്ങിയത്. ന്യൂസ് മലയാളമാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിൻ്റെ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ജുലൈ 30 നായിരുന്നു വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ദുരന്തമുണ്ടായത്. ദുരന്തം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. ജനുവരി ഒന്നിന് നിർണായക മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് കേന്ദ്ര നടപടി. പുതിയ നടപടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെ പുനരധിവാസ പ്രക്രിയകൾ വേഗത്തിലാക്കാൻ കഴിയും. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും.
അതിതീവ്ര ദുരന്തമായി അംഗീകരിക്കുന്നതില്‍ തീരുമാനമായോ എന്ന് ചോദിച്ച് ഡിസംബര്‍ 28-ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളയച്ച കത്തിനാണ് ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ രാജേഷ് ഗുപ്തയുടെ ഔദ്യോഗിക മറുപടി ലഭിച്ചത്. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘം ദുരന്തസ്ഥലം സന്ദര്‍ശിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചത്.
ദുരന്ത സ്ഥിതി വിലയിരുത്തി ആഗസ്റ്റ് 17ന് നല്‍കിയ റിപ്പോര്‍ട്ട് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം നടത്തിയ ഇടപെടലുകളും ഭരണ പ്രതിപക്ഷ ഭേദമന്യേ ചെലുത്തിയ സമ്മര്‍ദ്ദവുമാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാരിനെ കേരളത്തിന് അനുകൂലമായി തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പ്രഖ്യാപനത്തില്‍ അതീവ സന്തോഷമുണ്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതോടെ ഈ തുക കൂടി കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. മുണ്ടക്കൈയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം സഹായകരമാകും.
12ാം ധനകാര്യ കമ്മീഷന്‍ മുതല്‍ വലിയ ദുരന്തങ്ങളെ അതിതീവ്ര ദുരന്തം (ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍) എന്നാണ് പറയുക. ഈ ഗണത്തിലാണ് വയനാട്ടിലെ ദുരന്തം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ, പുനരധിവാസം അടക്കമുള്ള ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തുക ലഭിക്കും എന്നതാണ് പ്രധാനം.
ജുലൈയില്‍ ദുരന്തമുണ്ടായി, തൊട്ടടുത്ത മാസം ഓഗസ്റ്റ് 17 ന് തന്നെ, ദുരന്തസ്ഥിതി വിലയിരുത്തി കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള മുന്‍കൂര്‍ തുക മാത്രമാണ് ഇതുവരെ കേന്ദ്രം കേരളത്തിന് നല്‍കിയത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം, ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണം, കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം നല്‍കണം എന്നീ മൂന്ന് കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
വയനാട്ടിലുണ്ടായത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ വര്‍ഷം ദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം സഹായം നല്‍കിയിരുന്നു. കേരളത്തിന് മാത്രം പരിഗണന നല്‍കാത്തതിനെ ചോദ്യം ചെയ്തും വിമര്‍ശിച്ചും സംസ്ഥാന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് രംഗത്തെത്തിയിരുന്നു.
ദുരന്തത്തില്‍ 231 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 128 പേരെ കണ്ടെത്താനായിട്ടില്ല. 1,200 കോടി രൂപയുടെ നഷ്ടമാണ് മേപ്പാടിയിലെ ആകെ നഷ്ടം. ദുരന്തത്തില്‍ മേഖലയിലെ 1555 വീടുകള്‍ വാസയോഗ്യമല്ലാതായി. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നു.
വായനാട് ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് അമിത് ഷാ പറഞ്ഞത് ശുദ്ധനുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിക്ക് കേരളത്തോടുള്ള പകയാണ് അവഗണനയ്ക്ക് കാരണം എന്നായിരുന്നു വിമര്‍ശനം. കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.