പതിനാറാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും സംസ്ഥാനത്തിന് അർഹതയുണ്ട്
വയനാട്, ചൂരൽമല മേപ്പാടി ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേഗം കൂടും. പുനരധിവാസ പദ്ധതി മന്ത്രിസഭ യോഗം ജനുവരി ഒന്നിന് അംഗീകരിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം. ടൗൺഷിപ്പിനായി സ്ഥലം ഏറ്റെടുക്കാൻ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയുള്ള കേന്ദ്ര തീരുമാനം സംസ്ഥാനത്തിന് ആശ്വാസകരമാണ്.
അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം വന്നതോടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ ഇവയൊക്കെയാണ്. എൻഡിആർഎഫിന്റെ അധികതുക ലഭ്യമാകും എന്നതാണ് പ്രധാനം. ലോകബാങ്ക്, എഡിബി തുടങ്ങിയവയിൽ നിന്ന് വിവിധ എൻജിഒകൾ വഴി പണം ലഭിക്കും. പതിനാറാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും സംസ്ഥാനത്തിന് അർഹതയുണ്ട്.
രാജ്യത്തെ ഏത് പാർലമെന്റ് അംഗത്തിനും പുനരധിവാസ പദ്ധതിയിലേക്ക് ഒരുകോടി രൂപ വരെ നൽകാം. ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളും. മനുഷ്യർക്കൊപ്പം നഷ്ടമായ വളർത്തു മൃഗങ്ങളും ധനസഹായ പട്ടികയിൽപ്പെടും. കെട്ടിടവും പാലങ്ങളും ഉൾപ്പെടെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടും. അങ്ങനെ സംസ്ഥാനം തീരുമാനിച്ച പ്രകാരമുള്ള പുനരധിവാസ പദ്ധതിക്കാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനത്തോടെ വഴിയൊരുങ്ങുന്നത്.
ALSO READ: BIG BREAKING| 'വയനാട് അതിതീവ്ര ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു
ഇടപെടലിലേക്ക് വഴി വെച്ചത് കേന്ദ്രത്തിനെതിരായ ഹൈക്കോടതി വിമർശനത്തിനൊപ്പം കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ റിപ്പോർട്ടുമാണ്. ചൂരൽമല മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത് തന്നെ എന്നായിരുന്നു അമിക്കസ് ക്യുരിയുടെ റിപ്പോർട്ട്.