
ഏറ്റവും കൂടുതൽ അരിയാഹാരം ഉപയോഗിക്കുന്നത് മലയാളികളാണെന്നാണ് പൊതുവെയുള്ള ധാരണ. അത് നിഷേധിക്കാൻ പറ്റാത്ത തരത്തിലുള്ള അരി വിഭവങ്ങൾ നമുടെ തീൻമേശകളിൽ സുലഭമാണ്. ഇന്ന് ആരോഗ്യസൗന്ദര്യ സംരക്ഷണങ്ങളുടെ ഭാഗമായി എടുക്കുന്ന ഡയറ്റുകളിൽ ഭൂരിഭാഗവും ലോ കാർബ് ഡയറ്റുകളാണ്. കാർബോ ഹൈഡ്രേറ്റ് കുറയുന്നതിനായി അരിയാഹാരമാണ് പ്രധാനമായും ഒഴിവാക്കുന്നത്.
എങ്ങനൊക്കെ ഒഴിവാക്കിയാലും ചോറും കറികളും. അപ്പവും, പുട്ടും, ഇഡലിയും ദോശയും തുടങ്ങിയ അരിവിഭവങ്ങൾ ഭൂരിഭാഗം മലയാളികൾക്കും പൂർണമായും മറക്കാനാകില്ല. സ്ഥിരമായി കഴിച്ചു ശീലിച്ച അരിഭക്ഷണം ഒഴിവാക്കുന്നത് ഗുണം ചെയ്യുമോ? അത് ഏതെങ്കിലും തരത്തിൽ ശരീരത്തെ ദോഷകരമായിരിക്കുമോ? എന്നിങ്ങനെ നിരവധി സംശയങ്ങളുമുണ്ട്.
ചോറുൾപ്പെടെയുള്ള അരിയാഹാരങ്ങൾ താരതമ്യേന വേഗത്തിൽ ദഹിക്കുന്നവയാണ്. ഇവ പെട്ടെന്ന് നിർത്തിയാൽ മലബന്ധമായിരിക്കും ആദ്യം ഉണ്ടാകുന്ന ബുദ്ധിമുട്ട്. അത് പക്ഷെ ഗുരുതരമാകാൻ സാധ്യതയില്ല. എങ്കിലും ആളുകൾക്ക് പ്രതിസന്ധി തന്നെയാണ്. എന്നാൽ പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ ഉൾപ്പെടുത്തി ആ പ്രശ്നം പരിഹരിക്കാവുന്നതാണ്.
മറ്റൊരു പ്രശ്നം അരിയിൽ അടങ്ങിയിരിക്കുന്ന ബി വിറ്റമിനുകള്‍, മഗ്നീഷ്യം എന്നിവ ലഭിക്കാതിരുന്നാൽ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത്തരം വൈറ്റമിനുകളുടെ അളവ് ശരീരത്തില്‍ കുറയാൻ ഇടവരുത്തരുത്.അരി ഒഴിവാക്കുന്നവർ അതിനനുസരിച്ച് വൈറ്റമിനുകളുള്ള കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
മുതിർന്ന ഒരാൾക്ക് ഒന്നരക്കപ്പ് ചോറ് വരെ ഒരു ദിവസം കഴിക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിക്കാന്‍ എടുക്കുമ്പോള്‍ പാത്രത്തിന്റെ 25 ശതമാനം ചോറും ബാക്കി പച്ചക്കറികളും, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തുക.പരമാവധി പകൽ സമയത്ത് അരിയാഹാരം കഴിക്കുക. രാത്രികളിൽ ലളിതമായി എന്തെങ്കിലും കഴിക്കുന്നതാകും ദഹനത്തിന് എളുപ്പം.
ലോകാർബ് ഡയറ്റുകൾ എടുക്കുന്നവർ അതിന് പകരം വേണ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായ അളവിൽ അരിയാഹാരം കഴിക്കുന്നതിലും തെറ്റില്ല. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കലോറി കുറച്ച് ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം അറിയാഹാരം ഒഴിവാക്കുന്നതിൽ ദോഷമില്ല. പക്ഷെ ഡയറ്റുകൾ എപ്പോഴഉം സമീകൃതമായിരിക്കാൻ ശ്രദ്ധിക്കുക.