ഇന്ത്യയിൽ തുടരാൻ അഭ്യർഥനയുമായി ഹസീന; പാർലമെൻ്റിൽ അയൽരാജ്യത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് ജയശങ്കർ

ധാക്കയിലെ സംഭവവികാസങ്ങളിൽ വിദേശരാജ്യങ്ങളുടെ, പ്രത്യേകിച്ച് പാക്കിസ്ഥാൻ്റെ ഇടപെടലുണ്ടാകുമോ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി വിഷയത്തിൽ വിശദീകരണം നൽകിയത്
ഇന്ത്യയിൽ തുടരാൻ അഭ്യർഥനയുമായി ഹസീന; പാർലമെൻ്റിൽ അയൽരാജ്യത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് ജയശങ്കർ
Published on

ബംഗ്ലാദേശിലെ സംഘർഷങ്ങളെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ചുരുങ്ങിയ കാലത്തേക്ക് ഇന്ത്യയിൽ തുടരാൻ അനുമതി അഭ്യർഥിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെൻ്റിൽ അയൽരാജ്യത്തെ സ്ഥിതിഗതികൾ ചുരുക്കത്തിൽ വിശദീകരിച്ച ജയശങ്കർ, ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സുരക്ഷ നൽകുമെന്നും വിശദീകരിച്ചു. ഏകദേശം 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. 

ഉന്നത സുരക്ഷാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കാനുള്ള തീരുമാനമെടുത്തത്. പിന്നാലെ വളരെ ചുരുങ്ങിയ സമയത്തേക്ക് രാജ്യത്ത് അഭയം തേടാൻ അവർ അനുമതി അഭ്യർത്ഥിച്ചു. ഇതേസമയം തന്നെ ഫ്ലൈറ്റ് ക്ലിയറൻസ് അഭ്യർഥനയും ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്നലെ വൈകീട്ട് ഷെയ്ഖ് ഹസീന ഡൽഹിയിൽ എത്തിയെന്നും ജയശങ്കർ വ്യക്തമാക്കി. 

അതേസമയം ബംഗ്ലാദേശിൽ ഇപ്പോഴും അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. രാജ്യത്തിൻ്റെ നയതന്ത്ര ദൗത്യങ്ങളിലൂടെ ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഏകദേശം 19,000 ഇന്ത്യൻ പൗരന്മാരാണ് നിലവിൽ ബംഗ്ലാദേശിലുള്ളത്. ഇവരിൽ 9,000ത്തോളം വിദ്യാർഥികളുണ്ട്. ഭൂരിഭാഗം വിദ്യാർഥികളും ജൂലൈയിൽ തന്നെ മടങ്ങിയെത്തിയതായാണ് വിവരം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പലതവണയായി രാജ്യം ധാക്കയിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. ചിറ്റഗോങ്, രാജ്ഷാഹി, ഖുൽന, സിൽഹെത്ത് എന്നിവിടങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. ഇന്ത്യയുമായി എല്ലായ്‌പ്പോഴും ശക്തമായ ദേശീയ സമവായം നിലനിൽക്കുന്ന അയൽരാജ്യത്തെ സംബന്ധിച്ച ഈ വിഷയങ്ങളിൽ സഭ ധാരണയും പിന്തുണയും നൽകണമെന്ന് വിദേശകാര്യമന്ത്രി അഭ്യർഥിച്ചു.

90 ശതമാനത്തിലധികം മുസ്ലീം ജനസംഖ്യവരുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയും മന്ത്രി നൽകി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടുകളും സ്വാഗതം ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശുമായി ഏകദേശം 4,096 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. മേഘാലയയിൽ നുഴഞ്ഞുകയറ്റ ആശങ്കകൾ നിലനിൽക്കുന്നതിനാൽ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണത്തിനായി അതിർത്തി സുരക്ഷാ സേന അതീവ ജാഗ്രതയിൽ തുടരാൻ നിർദേശമുണ്ട്.

ധാക്കയില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ നാട് വിട്ട ഹസീന യുകെയിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹിയിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ ഇറങ്ങിയിരുന്നു. യുകെ ഹസീനയ്ക്ക് അഭയം നല്‍കുമോ എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല. ബംഗ്ലാദേശ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തണമെന്നല്ലാതെ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ നിശബ്ദത പാലിച്ചിരിക്കുകയാണ് യുകെ. ഈ സാഹചര്യത്തിലാണ് ഹസീന ഇന്ത്യയിൽ തുടരാൻ അഭ്യർഥിച്ചത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ വിദേശരാജ്യങ്ങളുടെ, പ്രത്യേകിച്ച് പാക്കിസ്ഥാൻ്റെ ഇടപെടലുണ്ടാകുമോ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി വിഷയത്തിൽ വിശദീകരണം നൽകിയത്.

ബ്രിട്ടൻ ഹസീനയുടെ അഭയാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ ഇന്ത്യയെ അത് സാരമായി ബാധിച്ചേക്കാം. ഭരണകൂടത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവിനെ പരസ്യമായി പിന്തുണയ്ക്കുന്ന രാജ്യമാവാൻ ഇന്ത്യ താൽപര്യപ്പെടുന്നില്ലെന്നത് തന്നെയാണ് ഇതിനുള്ള കാരണം. ബംഗ്ലാദേശിലെ പുതിയ സർക്കാരുമായുള്ള രാജ്യത്തിൻ്റെ ബന്ധത്തെ മുൻനിർത്തിയും ഇന്ത്യക്ക് ആശങ്കകളുണ്ട്. അതേസമയം താത്കാലികമായി ഇന്ത്യയിൽ തുടരാൻ അനുവദിച്ച എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഷെയ്ഖ് ഹസീന നന്ദി അറിയിച്ചു. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഹസീനയുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com