fbwpx
ജീവൻ ദാതാക്കൾക്ക് ആശുപത്രികൾ നരകതുല്യമായി മാറുമ്പോൾ...
logo

നന്ദന രാജ് സുഭഗന്‍

Last Updated : 21 Nov, 2024 03:53 PM

11 % ആരോഗ്യപ്രവർത്തകർ അവരുടെ തൊഴിലിടം ഏറ്റവും സുരക്ഷിതമാണെന്ന് പ്രതികരിച്ചപ്പോൾ 24 % ആളുകൾ തങ്ങളുടെ തൊഴിലിടങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്ന് അഭിപ്രായപ്പെട്ടു.

NATIONAL


ഇന്ത്യയിൽ ഡോക്ടർമാരുടെ സുരക്ഷയ്ക്ക് വീണ്ടും വീഴ്ച സംഭവിച്ചിരിക്കുന്നു. ആർ.ജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാർത്ത രാജ്യം മുഴുവൻ ചർച്ച ചെയ്തു. ഇപ്പോഴിതാ ചെന്നൈയിൽ മറ്റൊരു ഡോക്ടർ രോഗിയുടെ കുത്തേറ്റു മരിച്ചുവെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ആശുപത്രികളിലെ സുരക്ഷാ വീഴ്ച്ചകൾ മൂലം ആരോഗ്യ പ്രവർത്തകരുടെ ജീവൻ പൊലിയുന്നത് ഇന്ത്യയിൽ ഒരു തുടർപരമ്പരയായി മാറുമ്പോൾ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധം ആളി കത്തുവാൻ ഇടയാക്കുന്നുണ്ട്.

ആർ.ജി കർ ആശുപത്രിയിലെ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കിയിരുന്നു. തുടർന്ന് ഡോക്ടർമാർ സമരം ചെയ്യുകയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷാ ഉറപ്പാക്കുവാൻ നിലവിലെ ബില്ലിൽ ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ സുപ്രീംകോടതി നിയമിച്ച നാഷണൽ ടാസ്ക് ഫോഴ്സ് (NTF) തീർത്തും വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. നിലവിലെ നിയമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുവാൻ പര്യാപ്തമാണെന്നും, പ്രത്യേക കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുമായി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ ആരോഗ്യമേഖലയിയിൽ ഡോക്ടർമാർ നേരിടുന്ന കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്യുവാൻ പ്രത്യേക നിയമം എന്ന വ്യവസ്ഥ കൊണ്ടുവരണമോ വേണ്ടയോ എന്നുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ് .

കണക്കുകൾ കളവ് പറയില്ല


2017 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 75 % ഡോക്ടർമാരും തൊഴിലിടങ്ങളിൽ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകാറുണ്ട്. മറ്റൊരു റിപ്പോർട്ട് പറയുന്നത് 70 % ഡോക്ടർമാരും ഡ്യൂട്ടി സമയത്തു നേരിടുന്ന അക്രമങ്ങളെ കുറിച്ചാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത് കാത്തിരിപ്പു സ്ഥലങ്ങളിൽ വെച്ചാണ്. എന്നാൽ ഇന്ത്യയിൽ തികച്ചും വ്യത്യസ്തമായ ചിത്രമാണ് കാണുവാൻ സാധിക്കുന്നത്. ഡോക്ടർമാർ ശാരീരികമായും മാനസികമായും ഉപദ്രവം നേരിടുന്നത് കൂടുതലും രോഗികളിൽ നിന്നോ അവരുടെ ബന്ധുമിത്രാദികളിൽ നിന്നോ ആണ്. ആശുപത്രിയിലെ സീനിയർ ഡോക്ടർമാരെക്കാൾ അതിക്രമങ്ങൾക്കു കൂടുതലായി ഇരയാവുന്നതും ജൂനിയർ ഡോക്ടർമാർ അല്ലെങ്കിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളാണ്.


ആശ്ചര്യമെന്നുപറയട്ടെ, ബംഗാളിലും മഹാരാഷ്ട്രയിലും ബന്ധുക്കൾ മാത്രമല്ല ഗുണ്ടകളും പോലീസ് ഉദ്യോഗസ്ഥരും വരെ ഡോക്ടർമാരെ ആക്രമിക്കുന്നു. സർക്കാരിന്റെ കണക്കുകളനുസരിച്ചു ഇന്ത്യയിൽ 3.4 മില്യൺ നഴ്സുമാരും 1.3 മില്യൺ ആരോഗ്യവിദഗ്ധരുമുണ്ട്. പക്ഷെ ഇന്ത്യയുടെ 136.9 കോടി ജനങ്ങൾക്ക് അനുപാതികമായ ആരോഗ്യ പ്രവർത്തകർ ഇവിടെയില്ല എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. 2030 നുള്ളിൽ രണ്ടു മില്യൺ ഡോക്ടർമാർ കൂടി ഇന്ത്യയിൽ വേണ്ടി വരും എന്നാണ് ഇന്ത്യൻ ജേർണൽ ഓഫ് പബ്ലിക് ഹെൽത്ത് പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നത്.

IMA യുടെ കേരള ആസ്ഥാനത്തിന്റെ റിസർച്ച് സെൽ ചെയർമാനായ രാജീവ് ജയദേവനും സംഘവും നടത്തിയ സർവേയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 3885 ഡോക്ടർമാരാണ് സർവേയുടെ ഭാഗമായത്. ഇതിൽ 60 ശതമാനവും സ്ത്രീകളാണ്. കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരും സർവേയിൽ പങ്കെടുത്തു. സർവേയിൽ ഏറ്റവുമധികം ഡോക്ടർമാരുടെ പ്രതികരണങ്ങൾ ലഭിച്ചത് കേരളത്തിൽ നിന്നുമാണ് (1078 ). കർണാടകയിൽ നിന്ന് 764 ആരോഗ്യപ്രവർത്തകരുടെയും, തമിഴ്നാട് നിന്ന് 430 ആരോഗ്യപ്രവർത്തകരുടെയും പ്രതികരണങ്ങൾ ലഭിച്ചപ്പോൾ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്ന പശ്ചിമ ബംഗാളിൽ നിന്ന് 86 ആരോഗ്യ പ്രവർത്തകരുടെ പ്രതികരണം മാത്രമാണ് ലഭിച്ചത്. 


ഒക്ടോബർ 21നാണ് സർവ്വേ ഫലം കേരള മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചത്. 11 % ആരോഗ്യപ്രവർത്തകർ അവരുടെ തൊഴിലിടം ഏറ്റവും സുരക്ഷിതമാണെന്ന് പ്രതികരിച്ചപ്പോൾ 24 % ആളുകൾ തങ്ങളുടെ തൊഴിലിടങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്ന് അഭിപ്രായപ്പെട്ടു.

സർവേയിൽ ഡോക്ടർമാരുടെ പ്രായവും നിർണായക ഘടകമായിരുന്നു. 20-25 വയസിനു ഇടയിലുള്ള ഡോക്ടർമാരിൽ ഭൂരിഭാഗം പേരും തങ്ങളുടെ തൊഴിലിടങ്ങളിൽ സുരക്ഷിതരല്ലെന്നാണ് രേഖപ്പെടുത്തിയത്. പല ആശുപത്രികളിലും ഡ്യൂട്ടി റൂം പോലുമില്ലാത്തത് നൈറ്റ് ഡ്യൂട്ടി അടക്കം എടുക്കുന്ന സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് വലിയ വെല്ലുവിളിയാണ്. സർവേ പ്രകാരം 55.2 % ഡോക്ടർമാർക്ക് ഡ്യൂട്ടി റൂം അനുവദിച്ചപ്പോൾ, 44 .8% പേർക്കും ഡ്യൂട്ടി റൂം എന്ന സംവിധാനം ലഭിക്കുന്നില്ല. ഡ്യൂട്ടി റൂം അനുവദിക്കാത്തവർ തൊഴിലിടങ്ങൾ സുരക്ഷിതമല്ല എന്ന് പറയുമ്പോൾ, ഡ്യൂട്ടി റൂം ലഭിച്ചവർ തൊഴിലിടം സുരക്ഷിതമാണെന്നാണ് (22 .9 %) പറയുന്നത്. ഗവണ്മെന്റ് ആശുപത്രികളിൽ ജോലി ചെയ്യുന്ന 44.5 % ആരോഗ്യവിദഗ്ധർ തൊഴിലിടങ്ങളിൽ സുരക്ഷിതരല്ല എന്ന് സർവേ കണ്ടെത്തി.

ALSO READ : ബലാത്സംഗ കേസുമായി ബന്ധപ്പെട്ട വിഷയമല്ല, രാജ്യത്തെ ഡോക്ടര്‍മാരുടെ സുരക്ഷാപ്രശ്‌നം: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീം കോടതി

സർവേയുടെ ഭാഗമായ പ്രൈവറ്റ് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരിൽ നിന്നുമുള്ള പ്രതികരണം വ്യത്യസ്തമായിരുന്നു. വെറും 5.52 % ഡോക്ടർമാർ മാത്രമാണ് തങ്ങളുടെ തൊഴിലിടം പൂർണമായും സുരക്ഷിതമല്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 36 .9% സ്ത്രീകളാണ് ആശുപത്രികൾ സുരക്ഷിതയിടമല്ലായെന്നുള്ള പ്രതികരണം നൽകിയത്.

അക്രമങ്ങൾക്കു നേരെ നിശബ്ദത പാലിക്കുന്ന സംസ്ഥാന സർക്കാരുകൾ

ആരോഗ്യ മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷയുടെ അപര്യാപ്തതയും മുന്നിൽ കണ്ടുകൊണ്ടു 24 സംസ്ഥാനങ്ങൾ വേണ്ട നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് NTF റിപ്പോർട്ടിൽ പറയുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടർന്ന് 2012 ലെ പ്രിൻസിപ്പൽ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടിൽ വരുത്തിയ ഭേദഗതിക്കളനുസരിച്ച് കേരളത്തിലെ ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലൻസ് ഡ്രൈവർമാരെയും നിർബന്ധമായും നിയമിച്ചിരിക്കണം, ആശുപത്രികളിൽ cctv ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകൾ കൊണ്ടുവന്നു. എന്നാൽ ഈ നിബന്ധനകളൊക്കെ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്‌.


മിക്കപ്പോഴും മദ്യത്തിനോ ലഹരിക്കോ അടിമപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരെ അപായപ്പെടുത്താൻ രോഗികൾ തയ്യാറാവുന്നത്. നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് നേരെ ആക്രമങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാർക്ക് നേരെ തിരിയുന്ന സംഭവവും വിരളമല്ല. ചികിത്സാപ്പിഴവ് മൂലം കുടുംബത്തിലെ ഒരംഗം മരണപ്പെടുകയോ, ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിൽ അവർ തൃപ്തർ അല്ലാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആശുപത്രികളിൽ അരങ്ങേറുന്നത്.

വരണം ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ

സർവേയിൽ പങ്കെടുത്ത പലരുടേയും പരാതിയായിരുന്നു ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലായെന്ന്. ഉണ്ടെങ്കിൽ തന്നെ അവർക്കു ആരോഗ്യമില്ലെന്നും സംഘർഷസ്ഥലത്തിൽ നിന്നും ആദ്യം തന്നെ ഓടി പോരുന്നത് അവരാണെന്നുമുള്ള അഭിപ്രായവും ഡോക്ടർമാർ സർവേയിൽ പ്രകടിപ്പിച്ചിരുന്നു. വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുള്ള ആവശ്യം വനിതാ ഡോക്ടർമാരും ഉന്നയിച്ചു. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്‌ക്കണമെന്നും രാത്രിയിൽ വാർഡിൽ സ്ത്രീകളെ മാത്രമേ നിർത്താൻ പാടുള്ളു എന്നുള്ള ആവശ്യങ്ങളും ഡോക്ടർമാരുടെ ഇടയിൽ ശക്തമാണ്. പല ഡ്യൂട്ടി റൂമുകളിലും വാതിലുകൾ അടച്ചുപൂട്ടുവാനുള്ള സൗകര്യങ്ങളില്ല, നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് ഭക്ഷണവും സാനിറ്ററി നാപ്കിനുകളും കിട്ടുവാനുള്ള സൗകര്യങ്ങളോ വെൻഡിങ് മെഷീനുകളോ (vending machine) മിക്ക ആശുപത്രികളിലുമില്ല, ആശുപത്രി ഇടനാഴികളിലും പാർക്കിങ് പരിസരങ്ങളിലും വൈദ്യുതി വിളക്കുകൾ ഇല്ല തുടങ്ങിയ പ്രശ്നങ്ങളും ആരോഗ്യ പ്രവർത്തകർക്കു തലവേദന സൃഷ്ടിക്കുന്നു. ഇതിനോടൊപ്പം തന്നെ പല ആശുപത്രി പരിസരങ്ങളിലും തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടേയും ശല്യം രൂക്ഷമാണ്. വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഡോക്ടർമാർ സ്വയരക്ഷയ്ക്കു വേണ്ടി ആയുധങ്ങൾ കരുതേണ്ട അവസ്ഥവരെ എത്തിനിൽക്കുന്നു

ALSO READ: "ഇത് ജനകീയ മുന്നേറ്റം..."; ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ

കൗതുകകരമായ വസ്തുത എന്തെന്നാൽ ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ ഇന്ത്യയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയല്ല. ചൈന, യു എസ് മുതലായ രാജ്യങ്ങളിലും ഡോക്ടർമാർക്ക് നേരെയുള്ള അക്രമസ്വഭാവം നിലനിൽക്കുണ്ട്. ചൈനയിൽ നടത്തിയ പഠനമനുസരിച്ചു കഴിഞ്ഞ വർഷം 44.8% ഡോക്ടർമാർ തൊഴിലിടങ്ങളിൽ നിന്നും അക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായി ആരോഗ്യപ്രവർത്തകരുടെ ജീവൻ മുൾമുനയിൽ നിൽക്കുമ്പോഴും നിസ്സംഗതയോടെ പെരുമാറുന്ന സർക്കാരിനെ നമുക്ക് കാണാം. ഭീഷണിയിൽ തുടങ്ങി കത്തിക്കുത്തും വെടിയുതിർക്കലുകളും പീഡനങ്ങളും ഡോക്ടർമാരുടെ ജീവിതത്തിന്റെ ഇരുണ്ട അധ്യായങ്ങളായി മാറിയിരിക്കുകയാണ്. കൃത്യമായ നിയമ നടപടികൾ സർക്കാർ ഇനിയും സ്വീകരിച്ചില്ലെങ്കിൽ അരുണ ഷാൻബാഗിനെ പോലുള്ളവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുവരുമെന്നതിൽ സംശയം വേണ്ട.

References from Jayadevan R, Augustine D, Anithadevi TS, Ramachandran R, Benaven J. Safety During Night Duty: Survey of 3885 Doctors Across India. Kerala Medical Journal. 2024 Oct 21;17(3):121–32.

WORLD
യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കടലില്‍ മുങ്ങിത്താഴുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്
Also Read
user
Share This

Popular

WORLD
KERALA
WORLD
ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു; 'കമ്മ്യൂണിസ്റ്റ് ശക്തികളിൽ' നിന്ന് സംരക്ഷിക്കാനെന്ന് പ്രസിഡന്‍റ്