കേസില്‍ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ ആർടിഒ റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിന് നാല് കാരണങ്ങളാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
മഴ മൂലം റോഡിലെ വെള്ളത്തിൻ്റെ സാന്നിധ്യം, വെളിച്ചക്കുറവ് എന്നിവ അപകടത്തിന് കാരണമായി. ഏഴ് പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ കയറിയത് അപകടത്തിൻ്റെ ആഘാതം കൂട്ടി. ടവേര വാഹനം ഓടിച്ചയാൾക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ്ങ് പരിചയം. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. മറ്റൊരു കാരണം വാഹനത്തിന്‍റെ കാലപഴക്കമാണ്. അപകടത്തില്‍പ്പെട്ട ടവേരയ്ക്ക് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങിയത് നിയന്ത്രിക്കാനായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മോട്ടോർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
Also Read: ആലപ്പുഴ വാഹനാപകടം: കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്ഐആർ
അതേസമയം, കേസില്‍ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നാണ് കേസ്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസില്‍ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന മെഡിക്കല്‍ വിദ്യാർഥികളുടെ കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടത്തില്‍ അഞ്ചു വിദ്യാർഥികള്‍ മരിച്ചു. പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്.