ഇലക്ട്രോണിക് വോട്ടിങിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ചാണ് മർകദ്‌വാഡി ഗ്രാമത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സമാന്തര വോട്ടെടുപ്പ് നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ മർകദ്‌വാഡി ഗ്രാമം ഇത് അംഗീകരിച്ചിട്ടില്ല. ആ ഗ്രാമത്തിൽ വോട്ടെടുപ്പാണിന്ന് നടന്നത്. നിലവിലെ ഫലത്തോടുള്ള എതിർപ്പാണ്, ഇവിഎമ്മിന് പകരം അച്ചടിച്ച ബാലറ്റ് പേപ്പറിൽ, പ്രതീകാത്മക വോട്ടെടുപ്പിന്, ഇവരെ പ്രേരിപ്പിച്ചത്. ഗ്രാമത്തിൽ, സ്വാധീനമില്ലാത്ത ബിജെപിക്ക്, കൂടുതൽ വോട്ട് ലഭിച്ചെന്നാണ് ഗ്രാമത്തിന്റെ പരാതി.
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വിധി വന്നിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വൈകുന്നതിനിടെ വോട്ടെടുപ്പ് തന്നെ വീണ്ടും നടത്തുകയാണ് ഒരു ഗ്രാമം. ഇലക്ട്രോണിക് വോട്ടിങിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ചാണ് മർകദ്‌വാഡി ഗ്രാമത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സമാന്തര വോട്ടെടുപ്പ് നടത്തുന്നത്. പ്രതീകാത്മക വോട്ടെടുപ്പാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ സംഘടിപ്പിച്ചത്. ബാലറ്റ് പേപ്പറിലാണ് വോട്ടെടുപ്പ് നടത്തുന്നത്. ഇതിനായി നാട്ടുകാർ സ്വമേധയാ പണം ശേഖരിച്ചു. മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിലെ മാൽഷിറാസ് താലൂക്കിലാണ് മർകദ്‌വാഡി ഗ്രാമം.
Also Read; സസ്പെൻസൊഴിയാതെ മഹാരാഷ്ട്ര; തിരശീല വീഴാൻ രണ്ടുനാൾ ബാക്കി നിൽക്കേ ഏകനാഥ് ഷിൻഡെ ആശുപത്രിയിൽ
ബിജെപി സ്ഥാനാർഥിയും എംഎൽഎയുമായ റാം സത്പുത്തിന്, ഈ ഗ്രാമത്തിൽ നിന്ന് 1,003 വോട്ടുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻസിപി ശരദ് പവാർ വിഭാഗത്തിലെ ഉത്തം ജാങ്കറിന് ലഭിച്ചത് 843 വോട്ടുകളും. ഉത്തം ജാങ്കർ ഇത്തവണ വിജയിച്ചു കേറിയെങ്കിലും ഗ്രാമത്തിൽ നിന്ന് ലഭിച്ച വോട്ട് വളരെ കുറവാണെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ നിയമസഭയിലും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലുമെല്ലാം ഉത്തം ജങ്കറിന്, ഗ്രാമത്തിൽ നിന്ന് നല്ല വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ബിജെപിക്ക് കൂടുതൽ വോട്ട് ലഭിച്ചതാണ് സംശയം ജനിപ്പിച്ചത്.
പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്താൻ ആവശ്യപ്പെട്ട് ഇതോടെ തഹസിൽദാറിന് ഇന്ത്യാസഖ്യം അനുകൂലികൾ കത്ത് നൽകി. മേൽനോട്ടം ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാൽ നിയമ സാധുതയില്ലെന്ന് കാണിച്ച് തഹസീൽദാർ അപേക്ഷ തള്ളി. അങ്ങനെയാണ് അച്ചടിച്ച ബാലറ്റ് പേപ്പർ വഴി, ഗ്രാമത്തിലെ ഒരു വിഭാഗം വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഇന്ന് തന്നെ വിധിയും പ്രഖ്യാപിക്കും..