സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്ന് ഒരു ചുവന്ന കാറിലാണ് നടി എത്തിയതെന്നും ഇവിടെ നിന്ന് യോഗമാറ്റുമായി പാറപ്പുറത്തേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
24 കാരിയായ റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയ യോഗ ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തായ്‌ലന്‍ഡിലെ കോസുമുയി പാറക്കെട്ടില്‍ വെച്ച്, തന്റെ യോഗ മാറ്റില്‍ ഇരുന്ന യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് ശേഷമാണ് കാമില ഒഴുക്കില്‍പ്പെട്ടത്. ഇപ്പോഴിതാ നടി ഒഴുക്കില്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
അപകടത്തില്‍പ്പെട്ട നടി വെള്ളത്തില്‍ മുങ്ങിത്താഴുന്നതും പാറപ്പുറത്ത് യോഗ മാറ്റ് മാത്രം കിടക്കുന്നതുമാണ് പുതുതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്നത്. അതേസമയം നടി അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതായി പ്രാദേശിക പ്രസിദ്ധീകരണമായ ഖൊസോദ് ഇംഗ്ലീഷിന്റെ റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്ന് ഒരു ചുവന്ന കാറിലാണ് നടി എത്തിയതെന്നും ഇവിടെ നിന്ന് യോഗമാറ്റുമായി പാറപ്പുറത്തേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍ സംഭവം നടന്ന് 15 മിനുട്ടിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ഉയര്‍ന്ന തിരമാല കാരണം തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച ശേഷമായിരുന്നു പുനരാരംഭിച്ചത്. മഴക്കാലത്ത് ഉയര്‍ന്ന അപകട സാധ്യതയുള്ളതിനാല്‍ ചാവെങ്, ലാമായി എന്നീ ബീച്ചുകളില്‍ സാധാരണ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് സാമുയി രക്ഷാപ്രവര്‍ത്തന കേന്ദ്രത്തിലെ തലവന്‍ ചൈയ്യപോണ്‍ വ്യക്തമാക്കി.