സ്ത്രീകൾ അവർക്ക് വേണ്ടിയുള്ള നിയമങ്ങളും ആനുകൂല്യങ്ങളും തിരിച്ചറിയുന്നത് വഴി, മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായിക്കും
ഇന്ത്യ പോലെ വൈവിധ്യമാർന്ന, പലതരത്തിലുള്ള സാമൂഹിക ചുറ്റുപാടുള്ള രാജ്യത്ത് സ്ത്രീകൾക്ക് തുല്യനീതിയും ന്യായവും കിട്ടുകയെന്നത് ഇപ്പോഴും ബുദ്ധിമുട്ടേറിയതാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും നിരവധി നിയമങ്ങളാണ് ഇന്ത്യയിലുള്ളത്. ജോലിയിടങ്ങളിലും സ്ത്രീകൾക്കായി നിയമങ്ങളുണ്ട്.
തുല്യ വേതനത്തിനുള്ള അവകാശം
ഇന്ത്യയിൽ, തുല്യ വേതനത്തിനുള്ള അവകാശം ഒരു അടിസ്ഥാന സംരക്ഷണമാണ്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും വേതനം തുല്യമായിരിക്കണം. തൊഴിലിടങ്ങളിൽ സ്ത്രീകൾ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നിയമം. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും തുല്യ വേതനം അനിവാര്യമാണ്, പ്രത്യേകിച്ച് പുരുഷ മേധാവിത്വമുള്ള ഇടങ്ങളിൽ.
തൊഴിലിടത്തെ ഉപദ്രവത്തിനെതിരെയുള്ള അവകാശം
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് എതിരെയുള്ള നിയമമാണ് പോഷ് (POSH) ആക്ട്. ലൈംഗികാതിക്രമം മാത്രമല്ല, മോശമായ പെരുമാറ്റത്തിനും സംസാരത്തിനുമെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് നിയമപരമായ അവകാശമുണ്ട്.
പോഷ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി തൊഴിൽ ഇടങ്ങളിൽ ഇന്‍റേണല്‍ കംപ്ലൈന്റ്റ് കമ്മിറ്റി (ഐസിസി) രൂപീകരിച്ചിട്ടുണ്ട്.
പ്രസവ അവധി
സ്ത്രീകൾക്ക് ഏറ്റവും സങ്കീർണ്ണത നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ സമയമാണ് ഗർഭകാലം. സ്ത്രീകൾക്ക് 26 ആഴ്ച വരെ ശമ്പളത്തോടു കൂടിയ പ്രസവാവധി ലഭിക്കും. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യവും, സ്ത്രീകളുടെ പ്രൊഫഷണലും, വ്യക്തിപരവുമായ ഉത്തരവാദിത്തം കൈകാര്യം ചെയ്യാനും ഈ ആനുകൂല്യം അവരെ സഹായിക്കും.
ഗാർഹിക പീഡനത്തിനെതിരായ അവകാശം
സ്ത്രീകൾക്ക് നേരെ വീടുകളിൽ നിന്നുള്ള അക്രമവും ഒട്ടും കുറവല്ല. ശാരീരികവും മാനസികവുമായ പലതരത്തിലുള്ള പീഡനങ്ങൾ സ്ത്രീകൾ വീടുകളിൽ നിന്നും നേരിടുന്നുണ്ട്. ഇത് തടയാൻ 2005ൽ കൊണ്ടുവന്ന നിയമമാണ്, ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകള്‍ക്കായുള്ള സംരക്ഷണ നിയമം. ഈ നിയമത്തിലൂടെ തങ്ങളെ ഉപദ്രവിക്കുന്ന കുടുംബാംഗങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സ്ത്രീകള്‍ക്ക് സാധിക്കും.
സൗജന്യ നിയമ സഹായത്തിനുള്ള അവകാശം
ലൈംഗിക ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പക്ഷം സൗജന്യ നിയമസഹായം ലഭിക്കും. സ്ത്രീകളുടെ സാമ്പത്തിക ചുറ്റുപാടുകൾ ഒരിക്കലും നീതി ലഭിക്കാതിരിക്കാൻ കാരണമാകരുത്. സ്ത്രീകൾ അവർക്കു വേണ്ടിയുള്ള നിയമങ്ങളും ആനുകൂല്യങ്ങൾ തിരിച്ചറിയുന്നത് വഴി, മികച്ച സാമൂഹിക അന്തരീക്ഷം സൃഷിടിക്കുവാൻ സഹായിക്കും.