ഹര്‍ജി തീര്‍പ്പാകുന്നതു വരെ കാത്തിരുന്നാല്‍, പത്ത് വര്‍ഷത്തേക്ക് ഒന്നും സംഭവിക്കില്ല. കേസ് ഫയല്‍ ചെയ്താല്‍ കുറഞ്ഞപക്ഷം പെട്ടെന്ന് പരിഹാരമുണ്ടാകുമെന്നും കോടതി
കോവിഡ് വാക്‌സിന്‍ മൂലം വൈകല്യം സംഭവിച്ചെന്ന പരാതിയില്‍ യുവാവിനോട് നഷ്ടപരിഹാരത്തിനായി കേസ് നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. പൂര്‍ണമായും വൈകല്യം സംഭവിച്ച തനിക്ക് ചികിത്സയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കവറേജ് നല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ച യുവാവിനോട് നഷ്ടപരിഹാരം ആവശ്യപെടാന്‍ കോടതി നിര്‍ദേശിച്ചത്.
ഹര്‍ജിക്കാരന് ശാരീരിക വൈകല്യം ബാധിച്ചെങ്കിലും അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനു പകരം നഷ്ടപരിഹാരമാണ് ആവശ്യപ്പെടേണ്ടതെന്നാണ് ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചത്. കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാകുന്നതു വരെ കാത്തിരുന്നാല്‍, പത്ത് വര്‍ഷത്തേക്ക് ഒന്നും സംഭവിക്കില്ല. കേസ് ഫയല്‍ ചെയ്താല്‍ കുറഞ്ഞപക്ഷം പെട്ടെന്ന് പരിഹാരമുണ്ടാകുമെന്നും കോടതി ഉപദേശിച്ചു.
കോവിഡ് 19 ആദ്യ ഡോസ് എടുത്തതു മുതല്‍ പ്രതികൂല ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും ശരീരത്തിന്റെ കീഴ്ഭാഗം പൂര്‍ണമായും തളര്‍ന്നെന്നുമാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഇങ്ങനെയൊരു പ്രശ്‌നത്തിന് ഹര്‍ജി നല്‍കിയതു കൊണ്ട് എന്ത് ഫലമാണ് ഉണ്ടാകുകയെന്നും നഷ്ടപരിഹാരത്തിന് കേസ് നല്‍കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
കേസ് നല്‍കിയാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഫലം ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജിക്കാരന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചു.
ALSO READ: ഹൈബ്രിഡ് കഞ്ചാവ് കേസ്: "ഷൈനിനെ അറിയാം, ലഹരി ഇടപാടില്ല"; മൊഴിയിൽ മലക്കം മറിഞ്ഞ് തസ്ലീമ
ശാരീരിക വൈകല്യമുള്ള വ്യക്തിയെന്ന നിലയില്‍ അന്തസ്സോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുവരെ ചികിത്സയ്ക്കായി ചെലവാക്കിയ തുകയും തുടര്‍ ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ, ശാരീരിക വൈകല്യം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.