...എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം പാവങ്ങളുടെ മനുഷ്യനാണ്, സമാധാനത്തിന്റെ മനുഷ്യനാണ്, എല്ലാ സൃഷ്ടിജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത മനുഷ്യനാണ്...
കത്തോലിക്കാസഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചത്. പാവങ്ങളുടെ പുണ്യവാളന്‍ എന്ന് അറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ (സെയ്ന്റ് ഫ്രാൻസിസ് ഓഫ് അസീസി) പേര്. അങ്ങനെ, ഹോർഹേ മാരിയോ ബെർഗോളിയോ എന്ന ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയായി. സ്നേഹിതരായ കര്‍ദിനാള്‍മാര്‍ പല പല പേരുകള്‍ നിര്‍ദേശിച്ചിട്ടും അതൊന്നും സ്വീകരിക്കാതെയാണ് ബെർഗോളിയോ, ഫ്രാന്‍സിസ് എന്ന പേര് ഇഷ്ടപ്പെട്ടതും സ്വീകരിച്ചതും. എന്തുകൊണ്ടാണ് ആ പേര് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
വത്തിക്കാനില്‍ നടത്തിയൊരു വാര്‍ത്താസമ്മേളനത്തിലാണ് ഫ്രാന്‍സിസ് പുണ്യാളന്റെ പേര് തിരഞ്ഞെടുത്തതിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്. "പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സമയമായിരുന്നു. ബ്രസീലിയയില്‍ നിന്നുള്ള കര്‍ദിനാള്‍ ക്ലൗഡിയോ ഹമ്മസ് അടുത്തെത്തി. വോട്ടുകള്‍ അനുകൂലമായി വരുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് വോട്ടുകള്‍ കിട്ടുമോ എന്നൊരു സംശയം അദ്ദേഹം പങ്കുവെച്ചു. പക്ഷേ, അത്തരം ആശങ്കകള്‍ക്ക് അല്പായുസായിരുന്നു. സിസ്റ്റൈന്‍ ചാപ്പലില്‍ സന്തോഷവും, ആശംസകളുമൊക്കെ നിറഞ്ഞുനിന്ന സമയം, ഹമ്മസ് അടുത്തെത്തി, ആശ്ലേഷിച്ചു, ചുംബിച്ചു. എന്നിട്ട് പറഞ്ഞു, ദരിദ്രരെ മറന്നുപോകരുത്. ഹമ്മസിന്റെ ആ വാക്കുകള്‍ എന്റെയുള്ളില്‍ തട്ടി. പാവപ്പെട്ടവര്‍, ദരിദ്രര്‍. അപ്പോള്‍ മുതല്‍ ഞാന്‍ ദരിദ്രരെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. അങ്ങനെ ഞാന്‍ അസീസിയിലെ വിശുദ്ധനായ ഫ്രാന്‍സിസിനെക്കുറിച്ച് ചിന്തിച്ചു. ഞാന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ നടന്നുകൊണ്ടിരുന്ന യുദ്ധങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഫ്രാന്‍സിസ് സമാധാനത്തിന്റെ മനുഷ്യന്‍ കൂടിയാണ്. അങ്ങനെയാണ് ആ പേര് എന്റെ ഹൃദയത്തിലേക്ക് വന്നത്. അസീസിയിലെ ഫ്രാന്‍സിസ്" -ഫ്രാന്‍സിസ് മാര്‍പാപ്പ ആമുഖമായി പറഞ്ഞു.
"എന്റെ പേര് എങ്ങനെയാണ് വന്നതെന്ന് പലരും അതിശയിച്ചു. ഫ്രാന്‍സിസ്കന്‍ സഭയിലെ വിശുദ്ധനായ സെയ്ന്റ് ഫ്രാന്‍സിസ് ഡി സേല്‍സ്, ഫ്രാന്‍സിസ് സേവ്യര്‍ എന്നിങ്ങനെ പേരുകളൊക്കെ പറഞ്ഞുകേട്ടു. പക്ഷേ, തന്നെ പ്രചോദിപ്പിച്ചത് അസീസിയിലെ ഫ്രാന്‍സിസ് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം പാവങ്ങളുടെ മനുഷ്യനാണ്, സമാധാനത്തിന്റെ മനുഷ്യനാണ്, എല്ലാ സൃഷ്ടിജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത മനുഷ്യനാണ്. എല്ലാ ജീവജാലങ്ങളോടും മികച്ചൊരു ബന്ധം പുലര്‍ത്തുന്നൊരു കാലമല്ലല്ലോ ഇത്. പല കര്‍ദിനാള്‍മാരും പല പല പേരുകള്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നിട്ടും അവയെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യത്തെ കൂട്ടുപിടിച്ച്, ക്രിസ്തുവിന്റെ ജീവിത ദര്‍ശനങ്ങളെ പിന്തുടര്‍ന്ന അസീസിയിലെ ഫ്രാന്‍സിസിന്റെ പേര് ഞാന്‍ സ്വീകരിക്കുകയായിരുന്നു" - ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
ALSO READ: ഫ്രാന്‍സിസ് മാർപാപ്പ; വൈവിധ്യങ്ങളുടെ രാഷ്ട്രീയം സംസാരിച്ച പോപ്പ്
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ കത്തോലിക്കാ പുരോഹിതനും ഫ്രാന്‍സിസ്കന്‍ സന്യാസസഭകളുടെ സ്ഥാപകനുമാണ് സെയന്റ് ഫ്രാന്‍സിസ്. ജിയോവാനി ഡി പിയെട്രോ ഡി ബെര്‍ണാഡ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. സാമ്പത്തികശേഷിയുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ബര്‍ണാഡ് വസ്ത്രവ്യാപാരിയായിരുന്നു. എന്നാല്‍ ദൈവസ്നേഹത്തിലും ക്രിസ്തുവിന്റെ ജീവിതദര്‍ശനങ്ങളെയും നിമിത്തം അതെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്ത ആളാണ് ഫ്രാന്‍സിസ്. പാവങ്ങളുടെ പുണ്യവാളനെന്ന വിളിപ്പേരും സ്വന്തം.