3 മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്
തിരുവനന്തപുരം മുതലപ്പൊഴിയിലെ മണല്‍ നീക്കത്തിന് താത്കാലിക പരിഹാരം. പൊഴിയുടെ മുക്കാല്‍ ഭാഗം മുറിക്കാന്‍ സമരസമിതിയും കരാറുക്കാരനും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. 3 മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. ഒപ്പം കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റുവാനുള്ള നടപടികളും ആരംഭിക്കും.
കണ്ണൂരില്‍ നിന്നുള്ള ചന്ദ്രഗിരി ഡ്രഡ്ജര്‍ എത്തിയെന്ന് സമര സമിതിക്ക് ഉറപ്പ് ലഭിച്ചശേഷം ബാക്കി ഭാഗം മുറിച്ച് ഡ്രഡ്ജര്‍ അകത്തേക്ക് കടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.
ALSO READ: പൊലീസ് ഗോ ബാക്ക്! മുതലപ്പൊഴിയിലെ പൊഴി മുറിക്കുന്നതിനെതിരെ വൻ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. പൊഴിയില്‍ നിന്ന് നീക്കിയ മണല്‍ അഴിമുഖത്ത് അടിഞ്ഞ് കിടക്കുകയാണ്. അത് നീക്കിയാല്‍ മാത്രമേ പൊഴി മുറിക്കാന്‍ അനുവദിക്കൂ എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നത്. മുതലപ്പൊഴിയില്‍ മണല്‍ അടിഞ്ഞുകൂടി മുതലപ്പൊഴിയില്‍ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
അദാനി പോര്‍ട്ടിലെ ഡ്രഡ്ജര്‍ കൊണ്ടു വരണം. എന്നാലേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ. സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് നടക്കും. കണ്ണൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കേണ്ട ആവശ്യമില്ല. അല്ലാത്ത പക്ഷം എല്ലാ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്കും 1000 രൂപ വീതം നല്‍കണമെന്നും സമരസമിതി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.