ഒരാഴ്ച നീണ്ട ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം
നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുഎസ്-ചൈന വ്യാപര യുദ്ധ സംഘര്‍ഷത്തിനിടെയാണ് മോദി-വാന്‍സ് കൂടിക്കാഴ്ച. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, താരീഫുകള്‍, വ്യാപാര ഉടമ്പടികള്‍ എന്നിവ ചര്‍ച്ചയായി.
ഒരാഴ്ച നീണ്ട ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യന്‍ വംശജ കൂടിയായ ഭാര്യ ഉഷചിലുകുരി വാന്‍സും, മക്കളായഇവാന്‍, വിവേക്, മിറബെല്‍ എന്നിവരും ഒപ്പമുണ്ട്. രാവിലെ 10 മണിയോടെ ഡല്‍ഹിയിലെത്തിയ വാന്‍സിനെയും കുടുംബത്തെയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചത്.
അമേരിക്കയില്‍ നിന്നും കൂടുതല്‍ നിക്ഷേപ സാധ്യതയാണ് ഇന്ത്യ തേടുന്നത്. സാങ്കേതിക വിദ്യ, നിര്‍മാണം, ഓട്ടോമൊബൈല്‍സ്, ഊര്‍ജ്ജ മേഖലകളില്‍ അമേരിക്കയില്‍ നിന്നുള്ള നിക്ഷേപത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഇന്ത്യയും പ്രതീക്ഷിക്കുന്നു.
ഡല്‍ഹിയിലെസ്വാമി നാരായണ്‍ അക്ഷര്‍ധാം ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് വാന്‍സും കുടുംബവും ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ഇന്ത്യ-യുഎസ് വ്യാപാര കരാറടക്കം ചര്‍ച്ചയാകുന്ന നിര്‍ണ്ണായക ഉഭയകക്ഷി കൂടിക്കാഴ്ചകളാണ് വാന്‍സിന്റെ അജണ്ടയിലുണ്ടായിരുന്നത്.
ഏപ്രില്‍ 9ന് മരവിപ്പിച്ച ഇന്ത്യക്കെതിരായ 26 ശതമാനം താരിഫിന്റെ ഭാവിയടക്കം നിര്‍ണ്ണയിക്കുന്നതാകും വാന്‍സുമായുള്ള കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രിയോടെ തന്നെ ജയ്പൂരിലേക്ക് പോകും.
ഏപ്രില്‍ 24 വരെ ഇന്ത്യയില്‍ തുടരുന്ന വാന്‍സ് ചൊവ്വാഴ്ച ജന്തര്‍ മന്തര്‍, സിറ്റി പാലസ്, ഹവാ മഹല്‍, ആംബര്‍ ഫോര്‍ട്ട് എന്നീ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. അതിനുശേഷം, ആഗ്രയിലെത്തി താജ് മഹലും ശില്‍പ്ഗ്രാമും സന്ദര്‍ശിക്കും. വൈകിട്ടോടെ വാന്‍സും കുടുംബവും ജയ്പൂരിലേക്ക് മടങ്ങും. തുടര്‍ന്ന് നാല് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വാന്‍സും കുടുംബവും ഏപ്രില്‍ 24 ന് ജയ്പൂരില്‍ നിന്ന് യുഎസിലേക്ക് മടങ്ങും.