കാർഡ് വേണ്ടവർക്ക് ഓൺലൈനായി ഓർഡർ ചെയ്യുകയോ, അല്ലെങ്കിൽ ഫെബ്രുവരി 14 വരെ തുറന്നിരിക്കുന്ന പ്രദേശത്തെ പോപ്പ്-അപ്പ് പോസ്റ്റ് ഓഫീസിൽ പോയി നേരിട്ട് വാങ്ങുകയോ ചെയ്യാം
വാലൻ്റൈൻസ് വാരാഘോഷത്തിൻ്റെ തിരക്കിലാണ് ഒരാഴ്ചയായി ലോകമെമ്പാടുമുള്ള കമിതാക്കൾ. എന്നാൽ, പ്രണയ ദിനത്തെ കുറച്ച് അധികം സീരിയസാക്കി എടുക്കുന്ന ഒരു ഗ്രാമമുണ്ട് അങ്ങ് യു.കെയിൽ. ഇവരുടെ ആഘോഷം ചില്ലറക്കളിയല്ല. വാലൻ്റൈൻസ് ഡേക്ക് ഈ ഗ്രാമത്തിൻ്റെ തനതായ പോസ്റ്റ് കാർഡുകൾ കിട്ടാൻ ഒടുക്കത്തെ ഡിമാൻഡാണ്. അപ്പൊ നിങ്ങള് വിചാരിക്കും എന്താണ് ഇവിടുത്തെ പോസ്റ്റ് കാർഡിന് ഇത്ര പ്രത്യേകത എന്ന്. യു.കെ വിൽറ്റ്ഷൈറിലെ ഈ ചെറുഗ്രാമത്തിൻ്റെ പേരിലാണ് ട്വിസ്റ്റ്. ഗ്രാമത്തിൻ്റെ പേര് ലവേഴ്സ് എന്നാണ്.
ലോകത്തിലെ ഏറ്റവും റോമാൻ്റിക്ക് ഗ്രാമമെന്ന് അറിയപ്പെടുന്ന ലവേഴ്സിലേക്ക് ലോകത്തിൻ്റെ പല ഭാഗത്ത് നിന്ന് പോസ്റ്റ് കാർഡിന് ആവശ്യക്കാരെത്തുന്നുണ്ട്. ഈ കഥയുടെ തുടക്കം വർഷങ്ങൾക്ക് മുൻപാണ്. ഒൻപത് വർഷം മുൻപ് ഇവിടുത്തെ താമസക്കാർ ലവർ കമ്യൂണിറ്റി ട്രസ്റ്റ് സ്ഥാപിച്ചു. അതിന് ശേഷം ഏകദേശം 10000ത്തിലേറെ പ്രേമലേഖനങ്ങൾ ഇവിടെ നിന്നും പോയിട്ടുണ്ട്. കാർഡ് വേണ്ടവർക്ക് ഓൺലൈനായി ഓർഡർ ചെയ്യുകയോ, അല്ലെങ്കിൽ ഫെബ്രുവരി 14 വരെ തുറന്നിരിക്കുന്ന പ്രദേശത്തെ പോപ്പ്-അപ്പ് പോസ്റ്റ് ഓഫീസിൽ പോയി നേരിട്ട് വാങ്ങുകയോ ചെയ്യാം.
ALSO READ: പ്രണയത്തിന് മുന്നിൽ എന്ത് യുദ്ധം! റഷ്യ-യുക്രെയ്ൻ സ്വദേശികളുടെ വിവാഹത്തിന് വേദിയായി അമൃതപുരി
ഏറ്റവും റൊമാൻ്റിക് ഗ്രാമത്തിലെ പ്രണയാഘോഷങ്ങൾ പോസ്റ്റൽ സർവീസിൽ മാത്രം തീർന്നില്ല. പ്രദേശം മുഴുവൻ പേപ്പർ ഹാർട്ടുകൾ കൊണ്ട് അലങ്കരിച്ച്, ഒരു ഡാർലിങ്ങ് കഫേയും തുറന്നിട്ടുണ്ട് ഇവർ. പ്രശ്നം പിടിച്ച ഈ ലോകത്ത്, ഗ്രാമം സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും മരുപ്പച്ചയാണെന്നാണ് ഈ പരിപാടിക്കൊക്കെ മുൻകയ്യെടുക്കുന്ന നിക്ക് ഗിബ്സിന് ഇതേപ്പറ്റി പറയാനുള്ളത്.
പിന്നെ ഈ പോസ്റ്റ് കാർഡ് വില്പനയിലൂടെ ലഭിക്കുന്ന പണം ഇവർ ഉപയോഗിക്കുന്നത് കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾക്കായാണ്. ഓൾഡ് സ്കൂൾ കെട്ടിടത്തിൻ്റെ നവീകരണത്തിന് ധനസഹായം ഉൾപ്പെടെ ഇതിൽ നിന്നും എടുക്കുന്നുണ്ട്.