ശാസ്ത്രജ്ഞന്മാരുടേയും തത്വചിന്തകരുടേയും റബ്ബർ താറാവുകളുടേയും രൂപങ്ങളും ചിത്രങ്ങളും നിറഞ്ഞതാണ് ദേവാലയത്തിന്റെ ഉൾവശം.
ക്വാക്ക്, ക്വാക്ക് എന്ന താറാവ് ശബ്‍ദത്തിൻ്റെ അകമ്പടിയോടെ കൈയിൽ വലിയൊരു റബ്ബർ താറാവുമായി സ്വർണ്ണവും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ച് പുരോഹിതൻ അൾത്താരയിലേക്കു കടന്നു വരുന്നു... അയാൾക്ക് ചുറ്റും ഒരു പറ്റം ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. സംഭവം വേറൊന്നുമല്ല- ഒരു കുർബാന കൂടാനുള്ള തിരക്കാണ്. ആൾദൈവങ്ങൾ വൈറലാകുന്ന ഈ കാലത്തു ഇത്തരത്തിലുള്ള വ്യക്തികളെ പരിഹസിച്ചു കൊണ്ടുള്ള ഒരു വ്യത്യസ്ത കുർബാനയാണ് നമ്മുടെ കക്ഷി അവതരിപ്പിക്കുവാൻ പോവുന്നത്. കുർബാന കഴിഞ്ഞാൽ സ്വല്പം മ്യൂസിക്, ഡാൻസ്. കുർബാനയിൽ പങ്കെടുത്തവരും ഹാപ്പി... കുർബാനയ്ക്കു കാർമികത്വം വഹിച്ച വ്യക്തിയും ഹാപ്പി.
കേട്ടിട്ട് കൗതുകം തോന്നി ഈ കുർബാനയുടെ ഭാഗമാകാൻ നിങ്ങൾക്ക് ആഗ്രഹം തോന്നുന്നെങ്കിൽ ഒരു 7000 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരും. വിചിത്രമായ ഈ കുർബാന നടക്കുന്നത് മാഡ്രിഡിലെ ലവപീസ് പ്രദേശത്തെ ദേവാലയത്തിലാണ്.
ഹാസ്യതാരം ബസ്സിയാണ് 2012 -ൽ ഈ വ്യത്യസ്ത കുർബാനയ്ക്കു തുടക്കം കുറിച്ചത്. സ്പാനിഷ് ഭാഷയിൽ താറാവ് എന്ന് അർഥം വരുന്ന 'പത്തിക്കനോ' എന്ന വാക്കിൽ നിന്നുമാണ് പള്ളിക്കു പേര് വന്നത്. വർത്തമാന ലോകത്തിൽ സംഭവിക്കുന്ന സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ ആളുകൾക്ക് മുമ്പിൽ അല്പം നർമം ചേർത്ത് അവതരിപ്പിക്കുന്നതാണ് ബസ്സിയുടെ കുർബാനയുടെ പ്രത്യേകത. ഇടയ്ക്കു താറാവിന്റെ ശബ്ദം അനുകരിച്ചു കൊണ്ട് കാണികളിൽ ചിരി പടർത്താനും ഇയാൾ ശ്രമിക്കാറുണ്ട്. എന്തിനേറെ, പള്ളിയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ വധുവും വരനും റബ്ബർ താറാവിന്റെ രൂപത്തിലുള്ള മോതിരങ്ങളാണ് പരസ്പരം വിരലുകളിൽ അണിയിക്കുന്നത്.
ശാസ്ത്രജ്ഞന്മാരുടേയും തത്വചിന്തകരുടേയും റബ്ബർ താറാവുകളുടേയും രൂപങ്ങളും ചിത്രങ്ങളും നിറഞ്ഞതാണ് ദേവാലയത്തിന്റെ ഉൾവശം. കൈകളിൽ അപ്പവും വീഞ്ഞിനും പകരം ടോയ്ലറ്റ് ബ്രഷും പവിത്രമല്ലാത്ത ജലവും പേറിയാണ് ബസ്സി കുറുബാനയ്ക്കു വരുന്നത്. തുടർന്ന് ബ്രഷ് ഉപയോഗിച്ച് ഈ ജലം വിശ്വാസികളുടെ മേൽ തളിക്കുന്നു. പിന്നീട്, ഡിസ്കോ ഗാനത്തിനോടൊപ്പം ചുവടു വെയ്ക്കുന്നു. ഒരു ദേവാലയത്തിൽ വെച്ച് പൊതുവെ നടക്കുന്ന വിശുദ്ധ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും നേർ വിപരീതമായാണ് ബസ്സി പ്രവർത്തിക്കുന്നത്. വിവാദപരമായ ഒട്ടേറെ വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളും കുർബാനയുടെ ഭാഗമായി അരങ്ങേറും.
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കുർബാനയിൽ പങ്കുചേരാനായി മാഡ്രിഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ വരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. കുർബാനയുടെ ഭാഗമാകാനായി ഫീസൊന്നും ബസ്സി ഈടാക്കുന്നില്ല. എങ്കിലും ആളുകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ദേവാലയത്തിൽ നടക്കുന്ന വിവാഹച്ചടങ്ങുകൾ, മാമ്മോദീസ എന്നിവയ്ക്കും ബസ്സി മുഖ്യകാർമികത്വം വഹിക്കുന്നു. 'താറാവ് കുർബാന' അവസാനിക്കുന്നത് ബസ്സിയുടെ വെള്ളത്തെ വീഞ്ഞാക്കി മാറ്റുന്ന മാജിക് ട്രിക്കോടെയാണ് . "യേശു ചെയ്ത ഒരേയൊരു ഉപയോഗപ്രദമായ കാര്യം"എന്നാണ് കർത്താവിന്റെ ജലത്തെ വീഞ്ഞാക്കി മാറ്റുന്ന മാന്ത്രിക വിദ്യയെ ബസ്സി വിശേഷിപ്പിക്കുന്നത്.