'പുതിയ സിനിമ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് മീറ്റിംഗുകള്‍ ധാരാളമുണ്ട്. ഇത് വെല്ലുവിളി ഉണ്ടാക്കുന്നു. എന്ത് സ്വീകരിക്കണം, എന്ത് നിരസിക്കണം, എന്ത് മാന്യമായി നിരസിക്കണം...അവയൊന്നും എനിക്ക് ഒട്ടും അറിയില്ല'
ബോളിവുഡില്‍ തന്റെ കഥാപാത്രങ്ങളെ അവിസ്മരണീയമായ പ്രകടനത്താല്‍ മികച്ചതാക്കിയ നടനാണ് അമിതാഭ് ബച്ചന്‍. അടുത്ത കാലത്തായി പീകു, കല്‍ക്കി, പിങ്ക് തുടങ്ങിയ ചിത്രങ്ങളിലെ ബച്ചന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പ്രായമാകുന്തോറും സിനിമ തനിക്ക് എങ്ങനെ വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന് അടുത്തിടെ തന്റെ ബ്ലോഗില്‍ അമിതാഭ് ബച്ചന്‍ കുറിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ പലപ്പോഴും വരികള്‍ മറക്കാറുണ്ടെന്നും, സെറ്റില്‍ തെറ്റുകള്‍ വരുത്താറുണ്ടെന്നും, തെറ്റുകള്‍ തിരുത്താന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സംവിധായകരോട് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് ബച്ചന്‍ കുറിച്ചത്.
'പുതിയ സിനിമ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് മീറ്റിംഗുകള്‍ ധാരാളമുണ്ട്. ഇത് വെല്ലുവിളി ഉണ്ടാക്കുന്നു. എന്ത് സ്വീകരിക്കണം, എന്ത് നിരസിക്കണം, എന്ത് മാന്യമായി നിരസിക്കണം...അവയൊന്നും എനിക്ക് ഒട്ടും അറിയില്ല,' അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ എഴുതി.
ALSO READ: 'അരിക്'; പുരോഗമനത്തിന്റെ വായ്ത്താരികള്‍ ഉറക്കെ പാടുമ്പോഴും തികട്ടി വരുന്ന ജാതിബോധത്തിന്റെ കഥ
തന്റെ ആശങ്ക, ലഭിക്കുന്ന ജോലി എന്താണ്, അതിനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതൊക്കെയാണ്. എന്നാല്‍ അതിനുശേഷം എന്ത് സംഭവിക്കുമെന്നത്
ഒരു മങ്ങല്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. നിര്‍മാണം, ചെലവുകള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയെല്ലാം തനിക്ക് അറിയാത്തതോ മനസിലാവാത്തതോ ആയ ഒരു ഇരുണ്ട മങ്ങല്‍ നിറഞ്ഞ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വരികള്‍ മറുന്നു പോവുന്നു എന്നത് മാത്രമല്ല പ്രായം കൊണ്ടുള്ള പ്രശ്‌നം. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കൃത്യമായി പറയാന്‍ സാധിക്കാത്തത്, വീട്ടിലെത്തുമ്പോള്‍ നമ്മള്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയെന്ന് തിരിച്ചറിയുകയും അത് എങ്ങനെ ശരിയാക്കാമെന്ന് വീട്ടിലിരുന്ന് ചിന്തിക്കുകയും ചെയ്യും. എന്നിട്ട് അര്‍ധരാത്രി ഡയറക്ടറെ വിളിച്ച് എടുത്ത ഭാഗം ഒന്നുകൂടി ശരിയാക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുന്നതും ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളാണ്,' ബച്ചന്‍ പറഞ്ഞു.
അടുത്തിടെ അമിതാഭ് ബച്ചന്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് അദ്ദേഹം സിനിമയില്‍ നിന്നും വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അദ്ദേഹം തന്നെ കോന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു എപ്പിസോഡില്‍ ഹാസ്യാത്മകമായ രീതിയില്‍ ഒരു വിശദീകരണവും നല്‍കിയിരുന്നു. വേട്ടയ്യന്‍, കല്‍ക്കി 2898 AD എന്നീ ചിത്രങ്ങളില്‍ ആണ് അമിതാഭ് ബച്ചന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങള്‍.