സിന്ധു നദിയില്‍ ഒന്‍പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്
സിന്ധു നദിയില്‍ കണ്ടെത്തിയ സ്വര്‍ണം ഖനനം ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ നടത്തിയ സർവേയില്‍, ഏകദേശം 80,000 കോടി രൂപ വില മതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സ്വര്‍ണം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പ്രോജക്ട് എന്ന പേരിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖനനത്തിന് കമ്പനികളുടെ കരാര്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ആദ്യമാണ് അറ്റോക്ക് ജില്ലയിലെ സിന്ധു നദിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. നദിയില്‍ ഒന്‍പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. നദിയിലൂടെ ഒഴുകിയെത്തുന്ന സ്വര്‍ണത്തരികള്‍ ഒരിടത്തായി അടിഞ്ഞുകൂടി, ചെറുരൂപങ്ങളായി മാറുന്നതാണ് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകള്‍. ബിഡ്ഡിങ് നടപടികള്‍ക്കും, ഖനനവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ എന്‍ജിനീയറിങ് സര്‍വീസസ് പാകിസ്ഥാനും (നെസ്‌പാക്) പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒമ്പത് പ്ലേസർ ഗോൾഡ് ബ്ലോക്കുകളുടെ ഖനനവുമായി ബന്ധപ്പെട്ട ബിഡ്ഡിങ് ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസിനാണ് കരാറെന്ന് നെസ്‌പാക് മാനേജിങ് ഡയറക്ടര്‍ സർഗാം ഇഷാഖ് ഖാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത ഖനനം തടയുന്നതിനുള്ള ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ലഭിച്ച ലോട്ടറിയാണ് സിന്ധു നദിയിലെ സ്വര്‍ണശേഖരം. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തിനിടെ, നികുതി കമ്മി 606 ബില്യണ്‍ പാകിസ്ഥാന്‍ രൂപയായി (18,945 കോടി രൂപ) വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രതിബദ്ധതകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്, അവിടെ നിന്നും കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. ഏഴ് ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും, നികുതി ശേഖരണം ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള സ്വര്‍ണ ഖനനം പാകിസ്ഥാന്റെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കും.
ചരിത്രം പരിശോധിച്ചാല്‍, പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് സിന്ധുനദീതട മേഖല. സ്വർണം മാത്രമല്ല, മറ്റു വിലയേറിയ ലോഹങ്ങളുടെ സാന്നിധ്യവും സിന്ധു നദിയിലുണ്ട്. അതേസമയം, പാകിസ്ഥാന് ലഭിച്ച സ്വര്‍ണശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടുപോയ ഭാഗ്യമാണ്. ഹിമാലയത്തില്‍നിന്നുള്ള സ്വര്‍ണതരികളാണ് ഒഴുകിയെത്തി പാകിസ്ഥാനില്‍ അടിഞ്ഞുകൂടി വലിയ ശേഖരമായി മാറിയിരിക്കുന്നതെന്നാണ് ഭൂമിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.