അതേസമയം അഞ്ജലിക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുമെന്ന് കഥാപാത്രം തിരഞ്ഞെടുത്ത സമയത്ത് തോന്നിയിരുന്നില്ല.
ബോള്‍ഡ് എന്നാണ് ബാഡ് ഗേള്‍ എന്ന സിനിമ കണ്ട ശേഷം സംവിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞ വിശേഷണം. വെട്രിമാരന്‍, അനുരാഗ് കശ്യപ് എന്നിവര്‍ നിര്‍മിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വര്‍ഷ ഭാരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2011 മുതല്‍ വെട്രിമാരനെ അസിസ്റ്റ് ചെയ്തിരുന്ന വര്‍ഷ സംബ്രദായങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള സിനിമയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരുന്നത്. 2025 റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഈ ആഴ്ച്ച ബാഡ് ഗേള്‍ പ്രദര്‍ശിപ്പിക്കും.
അഞ്ജലി ശിവരാമന്‍ കേന്ദ്ര കഥാപാത്രമായ ചിത്രം രമ്യ എന്ന കൗമാരക്കാരിയായ ബ്രാഹ്‌മണ യുവതിയുടെ കഥയാണ് പറയുന്നത്. അവളുടെ പ്രണയത്തിലൂടെയും ലൈംഗിക ഉണര്‍വിലൂടെയുമെല്ലാം സിനിമ പ്രേക്ഷകരെ കൊണ്ട് പോകും. ചെന്നൈയില്‍ നടക്കുന്ന ഈ കമിംഗ് ഓഫ് എയ്ജ് ഡ്രാമ സംവിധായികയുടെ തന്നെ അനുഭവത്തില്‍ നിന്നും ഉണ്ടായ സിനിമയാണ്.
'ഇത് ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ്. സമൂഹത്തിന്റെ ഒരു വിഭാഗത്തിലുള്ള തലമുറയുടെ അനുഭവങ്ങളാണിത്. നിങ്ങള്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ ഇക്കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും', വര്‍ഷ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് പറഞ്ഞു.
ഇതൊരിക്കലും സംഘര്‍ഷത്തെ കുറിച്ചുള്ള സിനിമയല്ല. 'സിനിമയില്‍ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞു പോകുന്നുണ്ട്. പക്ഷെ നായിക ഒരിക്കലും അടിച്ചമര്‍ത്തപ്പെട്ട സാഹചര്യത്തില്‍ നിന്നല്ല വരുന്നത്. വളരുമ്പോള്‍ നമ്മള്‍ നേരിടുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്', എന്നും വര്‍ഷ പറഞ്ഞു.
'രമ്യ എന്ന കഥാപാത്രം എല്ലാവര്‍ക്കും സുപരിചിതയാണ്. എനിക്ക് മാത്രമല്ല, രാജ്യത്ത് ചില ചിട്ടകളോടെയും ആചാരങ്ങളോടെയും ജീവിച്ച് വളര്‍ന്ന എല്ലാ സ്ത്രീകള്‍ക്കും സുപരിചിതയായിരിക്കും', വര്‍ഷ കൂട്ടിച്ചേര്‍ത്തു. 'ഈ സിനിമ സമൂഹത്തിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നാം. പക്ഷെ അത് അങ്ങനെയല്ലെ'ന്നും വര്‍ഷ വ്യക്തമാക്കി. 'ഈ കഥ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പറയാം. ഞാന്‍ എനിക്ക് അറിയാവുന്ന ഒരു സ്ഥലം കണ്ടെത്തിയെന്നെയുള്ളൂ', വര്‍ഷ പറഞ്ഞു.
സിനിമയുടെ ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ബാഡ് ഗേള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന വിമര്‍ശനം വന്നിരുന്നു. പ്രേക്ഷകരും നിരൂപകരും സിനിമ സമൂഹത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നാണ് പറയുന്നത്. എന്നാല്‍ ഈ ആരോപണത്തെ വര്‍ഷയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയും എതിര്‍ത്തു.
'എന്റെ മനസില്‍ ഇതൊരു സെന്‍സിറ്റീവ് വിഷയമെ അല്ല. കാരണം നമ്മള്‍ എല്ലാവരും നമ്മുടേതായ വോക്ക് ബബിളിലാണ് ജീവിക്കുന്നത്. നമ്മളെ പോലെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ആളുകള്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നത്', വര്‍ഷ പറഞ്ഞു.
ഈ സിനിമയ്ക്ക് വിമര്‍ശനം വരാമെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ അത് താന്‍ കാര്യമായി എടുത്തിരുന്നില്ലെന്നും വര്‍ഷ പറഞ്ഞു. പക്ഷെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വര്‍ഷ വീണ്ടും ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടു എന്നാണ് പറയുന്നത്. 'നമ്മള്‍ ജീവിക്കുന്നത് ജാതി വിവേചനമില്ലാത്ത ഒരു സമൂഹത്തില്‍ അല്ല. കഥാപാത്രത്തെ നിങ്ങള്‍ക്ക് എവിടെയെങ്കിലും കേന്ദ്രീകരിച്ചേ പറ്റൂ. ആളുകള്‍ക്ക് അതില്‍ ഇത്രയും പ്രശ്‌നം വരുന്നു എന്നത് അത്ഭുതമായാണ് തോന്നുന്നത്', വര്‍ഷ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ സിഗററ്റ് വലിക്കുന്നതും കുടിക്കുന്നതും എല്ലാം യാഥാസ്ഥിതികര്‍ക്ക് വലിയ പ്രശ്‌നമാണെന്ന് താന്‍ തിരിച്ചറിയുന്നു. എന്നാലും ഇത് സമൂഹത്തിന്റെ ഭാഗമാണ്. അത് മറച്ചുപിടിക്കേണ്ട കാര്യമെന്താണ്. അപ്പോള്‍ ഇത്തരം കഥകള്‍ പറഞ്ഞ് അവരെ അതിനെ പരിചിതമാക്കുകയാണ് വേണ്ടതെന്നും സംവിധായിക പറഞ്ഞു.
അതേസമയം അഞ്ജലിക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുമെന്ന് കഥാപാത്രം തിരഞ്ഞെടുത്ത സമയത്ത് തോന്നിയിരുന്നില്ല. 'ഇത് ജീവിതത്തിലെ പല ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അത് ഏതൊരു വിഭാഗത്തിലുള്ള പെണ്‍കുട്ടിക്കും പരിചിതമായിരിക്കും. അല്ലാതെ അവര്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍', എന്നാണ് അഞ്ജലി പറഞ്ഞത്.
ബാഡ് ഗേള്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം ബ്രാഹ്‌മണ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരില്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. വെട്രിമാരനില്‍ നിന്നും അനുരാഗ് കശ്യപില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാനാണ് എന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ മോഹന്‍ ജിയും രംഗത്തെത്തിയിരുന്നു. സ്വന്തം ജാതിയിലെ പെണ്‍കുട്ടികളെ ഇതുപോലെ ചിത്രീകരിക്കൂ എന്നും മോഹന്‍ ട്വീറ്റിലൂടെ പറഞ്ഞിരുന്നു.