മുംബൈയില്‍ വെച്ച് നടന്ന ദേവരയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം
ദേവര ആറ് വര്‍ഷത്തിന് ശേഷമുള്ള തന്റെ സോളോ റിലീസാണെന്ന് ജൂനിയര്‍ എന്‍ടിആര്‍. അതിനാല്‍ തനിക്ക് ചെറിയ പേടിയുണ്ടെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. മുംബൈയില്‍ വെച്ച് നടന്ന ദേവരയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
'ദേവര ആര്‍ആര്‍ആറിന് ശേഷം റിലീസ് ചെയ്യുന്ന എന്റെ ചിത്രമായതിനാല്‍ എനിക്ക് പേടിയുണ്ട്. ആര്‍ആര്‍ആര്‍ എന്റെ കോ സ്റ്റാര്‍ രാം ചരണിനൊപ്പമുള്ള സിനിമയായിരുന്നു. പക്ഷെ ദേവര ആറ് വര്‍ഷത്തിന് ശേഷമുള്ള എന്റെ സോളോ റിലീസാണ്. അതിനാല്‍ എനിക്ക് ചെറിയ പേടിയുണ്ട്. എന്നിരുന്നാലും മുംബൈയില്‍ വെച്ച് ദേവരയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആര്‍ആര്‍ആര്‍ ഇവിടെ പ്രമോട്ട് ചെയ്തത് വളരെ നല്ല അനുഭവമായിരുന്നു. ഇവിടുത്തെ പ്രേക്ഷകരുടെ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തി. ദേവരയുടെ കാര്യത്തിലും അത് അങ്ങനെയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദേവര ഒരു ആക്ഷന്‍ ഡ്രാമയാണ്. പ്രേക്ഷകര്‍ അത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സിനിമയിലെ അവസാനത്തെ 40 മിനിറ്റ് നിങ്ങളെ ഞെട്ടിക്കും. പിന്നെ എന്നെ എപ്പോഴും സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍ക്ക് നന്ദി പറയുന്നു', ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
ജനതാ ഗാരേജിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായ കൊരട്ടല ശിവയാണ് ദേവര സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ 27നാണ്. ജാന്‍വി കപൂറാണ് നായിക. ജാന്‍വിയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷം ചെയ്യുന്നത്.
എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ദേവരയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനതാ ഗ്യാരേജിന്റെ വിജയത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ - കൊരട്ടല ശിവ കോംബോ ഒന്നിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.