ഒടുവിൽ ശ്രീലങ്കയെ ഫൈനലിൽ വീഴ്ത്തി സ്വന്തം മണ്ണിൽ വാങ്കഡെയിൽ സച്ചിൻ ലോകകിരീടം കൈയ്യിലെടുത്തു. പിന്നീട് ഇതിഹാസജീവിതത്തിന് പൂർണത നൽകി ക്രിക്കറ്റിൽ നിന്ന് മടങ്ങി.
"സച്ചിൻ ക്രീസിലുള്ളപ്പോൾ നിങ്ങൾ ചെയ്യാവുന്ന പാപങ്ങളെല്ലാം ചെയ്‌തു തീർക്കൂ.ആരും ഒന്നും അറിയില്ല. ദൈവം പോലും അപ്പോൾ ക്രിക്കറ്റ് കാണുകയായിരിക്കും."
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വർഷങ്ങൾക്ക് മുൻപ് ഏതോ ആരാധകൻ ഉയർത്തിയ പ്ലക്കാർഡിലെ വരികൾ ഇങ്ങനെയാണ്. ക്രിക്കറ്റിൽ ഇതിഹാസതാരങ്ങൾ നിരവധിയുണ്ട്. എന്നാൽ ഇതിഹാസങ്ങളെല്ലാം ഒരേസ്വരത്തിൽ ആരാധനയോടെ പ്രകീർത്തിച്ചിട്ടുള്ള താരം സച്ചിനല്ലാതെ മറ്റാരുമില്ല.അത് ക്രിക്കറ്റെന്ന മതത്തിൽ ദൈവമെന്ന് ആലേഖനം ചെയ്ത് പേരാണ്.ക്രിക്കറ്റിൻ്റെ സൗന്ദര്യമാണ്. ഒരേയൊരു സച്ചിൻ രമേഷ് ടെണ്ടുൽക്കർ. ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് അൻപത്തിരണ്ടാം ജന്മദിനം. ക്രിക്കറ്റ് കളിക്കാനായി മാത്രം പിറന്ന സച്ചിൻ മൂന്നരപ്പതിറ്റാണ്ടായി കായിക ലോകത്തിൻ്റെയാകെ ആവേശമാണ്.
ഓസീസ് ടീമിൻ്റെ പ്രതാപകാലത്തെ ഓപ്പണർ മാത്യു ഹെയ്ഡൻ സച്ചിനെ ദൈവമെന്ന് തന്നെ വിളിച്ചത് അതുകൊണ്ടാണ്. ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്.അദ്ദേഹം നാലാം നമ്പറിൽ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നുവെന്നായിരുന്നു സച്ചിനെക്കുറിച്ച് ഹെയ്ഡൻ്റെ വാക്കുകൾ. ബൗളർമാർ അരങ്ങുവാണിരുന്ന ക്രിക്കറ്റിൽ ഏവരെയും വിസ്മയിപ്പിച്ചാണ് സച്ചിൻ പതിനാറാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തുന്നത്. ഇന്നും തകർക്കാനാകാത്ത റെക്കോർഡ്.അരങ്ങേറ്റത്തിൽ വഖാർ യൂനിസിൻ്റെ പന്തിൽ മൂക്കിനേറ്റ മുറിവിൽ നിന്നുതിർന്ന ചോരയാണ് അന്ന് ആ പയ്യനിൽ ശ്രദ്ധിക്കാൻ കാരണമായതെങ്കിൽ പിന്നീട് ക്രിക്കറ്റ് ലോകമാകെ സച്ചിനിൽ വലയം ചെയ്തു.
ലോകക്രിക്കറ്റിൽ ആദ്യമായി സെഞ്ച്വറികളിൽ സെഞ്ച്വറിയെന്ന കൊടുമുടി താണ്ടി. ഏകദിനക്രിക്കറ്റിൽ ഒരുകാലത്ത് അസാധ്യമെന്ന് കരുതിയ 200 റൺസ് കടമ്പയിലേക്ക് വഴിമരുന്നിട്ടു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റൺസെന്ന റെക്കോർഡ്.ടെസ്റ്റിൽ 50 സെഞ്ച്വറികളെന്ന അതുല്യനേട്ടം. ടെസ്റ്റിൽ 200 മത്സരങ്ങളെന്ന ആർക്കും മറികടക്കാനാകാത്ത നാഴികക്കല്ല്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം പ്ലെയർഓഫ് ദമാച്ച് പുരസ്‌കാരങ്ങൾ. ലോകകപ്പിൽ ഏറ്റവുമധികം റൺസ്. റെക്കോർഡുകൾ എഴുതിച്ചേർക്കാൻ ഇനിയെത്ര താളുകൾ വേണമെന്ന് ക്രിക്കറ്റ് ലോകം സച്ചിനിൽ ആശ്ചര്യപ്പെട്ടു. ഇന്നും മറികടക്കാനാകാത്ത ഒരിക്കലും മറികടക്കാനാകാത്ത എത്രയെത്ര റെക്കോർഡുകൾ.
ക്രിക്കറ്റിൻ്റെ എല്ലാം സച്ചിനെന്ന് അടയാളപ്പെടുത്തുമ്പോഴും ഒരു ലോകകിരീടത്തിൻ്റെ കുറവുണ്ടായിരുന്നു സച്ചിൻ്റെ കരിയറിൽ. എന്നാൽ അങ്ങനെയവസാനിപ്പിക്കാൻ സച്ചിൻ ഒരുക്കമായിരുന്നില്ല. നഷ്ടങ്ങൾക്ക് പിന്നാലെ എത്രദൂരം എത്രകാലം വരെ സഞ്ചരിക്കണമെന്ന് തൻ്റെ പിൻഗാമികൾക്ക് പിന്തുടരാനുള്ള പാത കാട്ടി സച്ചിൻ. 5 ലോകകപ്പുകളിൽ നിരാശയോടെ മടങ്ങിയിട്ടും സ്വപ്നത്തിന് പിന്നാലെ വീണ്ടും ശ്രമിച്ച സച്ചിൻ ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിൽ തന്നെ പ്രചോദനമാണ്. 2011 ലോകകപ്പിലേക്ക് ഇന്ത്യയെത്തുമ്പോൾ അത് ഇന്ത്യൻക്രിക്കറ്റ് ടീമിൻ്റെ കിരീടത്തിനായല്ല സച്ചിൻ്റെ കിരീടധാരണത്തിനായാണ് രാജ്യം കണ്ണുനട്ടിരുന്നത്. ഒടുവിൽ ശ്രീലങ്കയെ ഫൈനലിൽ വീഴ്ത്തി സ്വന്തം മണ്ണിൽ വാങ്കഡെയിൽ സച്ചിൻ ലോകകിരീടം കൈയ്യിലെടുത്തു. പിന്നീട് ഇതിഹാസജീവിതത്തിന് പൂർണത നൽകി ക്രിക്കറ്റിൽ നിന്ന് മടങ്ങി.
പതിറ്റാണ്ടുകൾക്കിപ്പുറം സച്ചിനില്ലാത്ത ഒരു വ്യാഴവട്ടക്കാലം ക്രിക്കറ്റ് പൂർത്തിയാക്കുമ്പോൾ പോലും ഒരു ഗാലറിയെയാകെ ആവേശക്കൊടുമുടിയിലെത്തിക്കാൻ സാധിക്കുന്ന വിസ്മയത്തിൻ്റെ പേരാണ് സച്ചിൻ.ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ അൻപത്തിയൊന്ന് വയസ്സുകാരൻ്റെ ഉജ്വലഷോട്ടുകൾ കണ്ട് ക്രിക്കറ്റ് ലോകം അത്ഭുതം കൂറി.ഈ മനുഷ്യനിൽ ഇനിയും ക്രിക്കറ്റ് അവശേഷിച്ചിട്ടുണ്ട് എന്നല്ല, ക്രിക്കറ്റ് സച്ചിനിൽ ഒരിക്കലും അവസാനിക്കില്ലെന്ന് നാം തിരിച്ചറിയുന്ന നിമിഷം. ക്രിക്കറ്റിന് നൽകാവുന്നതെല്ലാം നൽകി രാജ്യത്തിന് നേടാവുന്നതെല്ലാം നേടിത്തന്ന ഇതിഹാസപുരുഷന് പിറന്നാൾ ആശംസകൾ.