ജൂനിയര്‍ എന്‍ടിആര്‍ ഡബിള്‍ റോളിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്
ആര്‍ആര്‍ആര്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ മാസ് ആക്ഷന്‍ ഹീറോ ലുക്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുന്ന 'ദേവര'യുടെ ട്രെയിലര്‍ പുറത്ത്. ജനതാ ഗാരേജിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് എത്തുന്നത്. പ്രകാശ് രാജിന്‍റെ ഗംഭീര വിവരണത്തിലൂടെയുള്ള ജൂനിയര്‍ എന്‍ടിആറിന്‍റെ എന്‍ട്രിയും തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിലെ ഹൈലൈറ്റ്. ജൂനിയര്‍ എന്‍ടിആര്‍ ഡബിള്‍ റോളിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. ജാന്‍വി കപൂറാണ് നായിക. ജാന്‍വിയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്.
എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ദേവരയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനതാ ഗ്യാരേജിന്റെ വിജയത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ - കൊരട്ടല ശിവ കോംബോ ഒന്നിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരുക്കുന്ന സിനിമയുടെ ആദ്യ ഭാഗം 2024 സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ തിയേറ്ററുകളിലെത്തും. രത്നവേലു ഐഎസ്‌സിയാണ് ഛായാഗ്രഹണം. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.