29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മണ്‍മറഞ്ഞ മഹാപ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കാനായി 'സ്മൃതിദീപ പ്രയാണം' നടത്തി. നെയ്യാറ്റിന്‍കര മുതല്‍ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെയ്യാറ്റിന്‍കരയില്‍ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കെ.ആന്‍സലന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജ്മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതിദീപം തെളിയിച്ചു. തുടര്‍ന്ന് ദീപം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. അന്‍പതോളം അത്ലറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലൂടെയായിരുന്നു സ്മൃതിദീപത്തിന്റെ യാത്ര.
മലയാളത്തിന്റെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളത്തിന്റെ വഴുതൂരിലുള്ള വസതിയില്‍ സ്മൃതിദീപ പ്രയാണത്തെ സ്വീകരിച്ചു. നെയ്യാറ്റിന്‍കര കോമളത്തിന്റെ കുടുംബാംഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. തുടര്‍ന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മെറിലാന്‍ഡ് സ്റ്റുഡിയോയിലും സ്മൃതിദീപ പ്രയാണം എത്തി. മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമയും ആദ്യകാല നിര്‍മാതാവുമായിരുന്ന പി സുബ്രഹ്‌മണ്യത്തിന്റെ കുടുംബാംഗങ്ങള്‍ പ്രയാണത്തെ സ്വീകരിച്ചു.
തുടര്‍ന്ന് മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ നാടായ ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരകത്തിലും സ്മൃതിദീപ പ്രയാണമെത്തി. പ്രേംനസീറിന്റെ കുടുംബവും പ്രേംനസീര്‍ സുഹൃദ് സമിതിയും ചേര്‍ന്ന് പ്രയാണത്തെ സ്വീകരിച്ചു. വി.ശശി എം.എല്‍.എയും പ്രയാണത്തില്‍ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സന്തോഷ് കീഴാറ്റൂര്‍, എന്‍.അരുണ്‍, ഷൈജു മുണ്ടയ്ക്കല്‍, എ.എഫ്.ജോബി, ചലച്ചിത്ര അക്കാദമി ജീവനക്കാര്‍ തുടങ്ങിയവര്‍ യാത്രയെ അനുഗമിച്ചു.
വട്ടിയൂര്‍ക്കാവിലെത്തിയ സ്മൃതിദീപ പ്രയാണത്തിന് മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ കുടുംബാംഗങ്ങളും പി.കെ.റോസി ഫൗണ്ടേഷന്‍ അംഗങ്ങളും സ്വീകരണമൊരുക്കി. ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ പങ്കെടുത്തു. തുടര്‍ന്ന് പാളയത്ത് സത്യന്‍ സ്മാരകത്തിന് സമീപം ഒരുക്കിയ സ്വീകരണത്തില്‍ മഹാനടന്‍ സത്യന്റെ മക്കളായ സതീഷ് സത്യന്‍, ജീവന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
127 കിലോമീറ്റര്‍ സഞ്ചരിച്ച് വൈകിട്ട് ആറിന് മാനവീയം വീഥിയില്‍ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്‌കരന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രയാണം സമാപിച്ചു. ആന്റണി രാജു എം എല്‍ എ സ്മൃതിദീപം ഏറ്റുവാങ്ങി. പ്രതിമക്ക് മുന്നില്‍ സ്ഥാപിച്ച ദീപം മേള അവസാനിക്കുന്ന ഡിസംബര്‍ 20 വരെ കെടാവിളക്കായി ജ്വലിക്കും. മലയാള സിനിമാചരിത്രത്തിലെ എല്ലാ മഹാപ്രതിഭകളെയും അനുസ്മരിക്കുന്നതായിരുന്നു സ്മൃതിദീപ പ്രയാണം എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഹാരിസ് ഡാനിയല്‍, സതീഷ് സത്യന്‍ ,ജീവന്‍ സത്യന്‍ , പ്രമോദ് പയ്യന്നൂര്‍, വിനോദ് വൈശാഖി, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുത്തു.