നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉണ്ടാകും
സിപിഎം വിരുദ്ധർ നുണ പ്രചരിപ്പിക്കുന്നുവെന്ന് പി. ജയരാജൻ. സിപിഎം സമ്മേളനത്തിൻ്റെ ഘട്ടത്തിലാണ് വിരുദ്ധർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. അച്ചടി, ദൃശ്യ, സോഷ്യൽ മീഡിയകളിൽ സിപിഎം വിരുദ്ധത മാത്രമാണ്. നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ ശക്തിയോടെ ഉരുകി തിളങ്ങി സിപിഎം വരുമെന്നും പി. ജയരാജൻ പറഞ്ഞു.
കൊടകര കള്ളപ്പണക്കേസിൽ, ആ പണം എവിടെ നിന്ന് വന്നുവെന്ന് നാട്ടിലെ ജനങ്ങളോട് പറയണമെന്ന് പി. ജയരാജൻ പറഞ്ഞു. അത് ജനങ്ങളോട് പിരിച്ച പണം ആണോയെന്ന് അന്വേഷണം നടത്തേണ്ടത് ഇഡി ആണ്. പക്ഷെ അത് ഇഡി തൊടില്ല. 25 ലക്ഷത്തിൽ കൂടുതൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്നര കോടി ആണ് കൊണ്ടുവന്നത്. പക്ഷെ അത് പറഞ്ഞാൽ ഉറവിടം പറയേണ്ടി വരും. 51 കോടി രൂപ സുരേന്ദ്രന്റെ കാർമികത്വത്തിൽ കൊണ്ടു വന്നതാണെന്നും പി. ജയരാജൻ ആരോപിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തതിനെയും പി. ജയരാജൻ വിമർശിച്ചു. മോദി വന്ന് സന്ദർശിച്ചപ്പോൾ, സഹായം കിട്ടുമെന്ന് എല്ലാവരും കരുതി. എന്നാൽ, മോദി വന്നു പോയിട്ട് 100 ദിവസം കഴിഞ്ഞു. കേന്ദ്ര സർക്കാർ ചില്ലി കാശ് തന്നോ? ഇപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. കേരളത്തിൽ എൽഡിഎഫ് സർക്കാർ ഭരിക്കുന്നത് കൊണ്ടാണ് കേന്ദ്രം ഇങ്ങനെ വീർപ്പ് മുട്ടിക്കുന്നത്. കേന്ദ്ര സർക്കാർ എന്തിനാണ് കേരളത്തോട് ഇത്ര ശത്രുത കാണിക്കുന്നതെന്നും ജയരാജൻ ചോദിച്ചു.
മുനമ്പത്തെ വിഷയം ശരിക്കും എന്താണെന്നും, കോൺഗ്രസിനകത്ത് ഇപ്പോൾ തർക്കം തുടങ്ങിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസിന് ഒരു നിലപാട്, മുസ്ലിം ലീഗിന്റേത് മറ്റൊരു നിലപാട് എന്ന നിലയിലാണ്. കേരളത്തിലെ വഖഫ് ഭൂമിയിൽ വലിയ ക്രമക്കേട് നടത്തി. ലീഗ് നേതാക്കൾ പടച്ചോൻ്റെ സ്വത്ത് കൈവശപ്പെടുത്തി. പടച്ചോൻ്റെ സ്വത്ത് ലീഗിന് കൊടുക്കാൻ പറ്റുമോ. വഖഫ് സ്വത്തുക്കൾ ക്രമക്കേട് നടത്തിയത് കമ്മീഷൻ കണ്ടെത്തി. കാശ് കൊടുത്ത് വിൽക്കാനും വാങ്ങാനും വഖഫ് ഭൂമിയിൽ പറ്റില്ല. ഇതാണ് മുനമ്പത്തെ വിഷയം. കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പടച്ചോൻ്റെ സ്വത്ത് പണം വാങ്ങി മുസ്ലിം ലീഗ് നേതാക്കൾ വിറ്റു. വിഎസ് സർക്കാരിൻ്റെ കാലത്ത് എം.എ. നിസാറിനെ അന്വേഷണ കമ്മീഷനായി വച്ച് അന്വേഷിച്ചു. അന്ന് തിരിമറി നടത്തിയതിൻ്റെ വിവരങ്ങൾ സർക്കാരിന് റിപ്പോർട്ട് ചെയ്തു. വിശ്വാസിത്തിൻ്റെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പ്രതിക്കൂട്ടിൽ നിൽക്കുന്നത് ലീഗ് നേതാക്കളാണെന്നും പി. ജയരാജൻ ആരോപിച്ചു.