ഒരു പെണ്‍കുട്ടി എപ്പോള്‍ കല്യാണം കഴിക്കണം, ഗര്‍ഭം ധരിക്കണം, പ്രസവിക്കണം, ഗര്‍ഭനിരോധനം, അടുത്ത കുട്ടി, പ്രസവം നിര്‍ത്തല്‍ തുടങ്ങി സ്വന്തം ശരീരത്തിന്റേത് മാത്രമായ എല്ലാ സുപ്രധാന അവകാശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അണുവിട സ്വീകാര്യത ലഭിക്കാതെ പോയ കാലം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. കാലത്തിനൊത്തു ലോകവും, ലോകത്തിനൊത്ത് സ്ത്രീകളും മാറി ചിന്തിച്ചുതുടങ്ങി. എങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഒരു സ്ത്രീയ്ക്ക് അവള്‍ അറിയാതെ അല്ലെങ്കില്‍ ആഗ്രഹിക്കാതെ ഗര്‍ഭം ധരിച്ചാല്‍ അത് നാലാള്‍ അറിയാതെ അബോര്‍ഷന്‍ ചെയ്യാന്‍ നിയമമില്ല. ഫലമോ സന്തോഷകരമായി തീരേണ്ട ഗര്‍ഭകാലം മനം നീറിനീറി, വെന്തുരുകി പ്രീ പാര്‍ട്ടം ഡിപ്രഷനും സൈക്കോസിസും ആയി അവസ്ഥാന്തരപ്പെടുന്ന സംഭവങ്ങള്‍ ഏറി വരുന്നു എന്നാണ് കണക്കുകള്‍.
ALSO READ: ഭര്‍തൃസഹോദരന്റെ കുഞ്ഞിനെ കൊന്നു; ഗര്‍ഭിണിയാണെന്നറിയാതെ ജയിലിലടച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പേര് പുറത്തു പറയാന്‍ സാധ്യമല്ലാത്ത, കണ്ണഞ്ചേരി സ്വദേശിയായ പ്രീ പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ച പെണ്‍കുട്ടിയുടെ വിവരം ലഭിച്ചത്. എല്ലാ ദിവസവും എന്നപോലെ ഗര്‍ഭചിദ്ര അപേക്ഷയുമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന പെണ്‍കുട്ടി. ഇന്ന് വന്നില്ലെങ്കില്‍ നാളെ എന്തായാലും വരുമെന്ന് സംസാരിച്ചു നില്‍ക്കുന്നതിനിടയിലേക്കാണ് അവള്‍ വന്നത്. നാല് മാസം പിന്നിട്ട തന്റെ ഗര്‍ഭം പുറത്താരും അറിയാതിരിക്കാന്‍ ഇൻ-ഷേപ്പ് ധരിച്ചിട്ടുണ്ട്. സ്‌കൂട്ടറിലാണ് വരുന്നത്. റോഡിലുള്ള എല്ലാ കുഴികളിലും ചാടിച്ചു വന്നാലെങ്കിലും ഗര്‍ഭം അലസിപ്പോകണേ എന്നാഗ്രഹിച്ചുള്ള വരവാണ്. ക്യാമറയ്ക്ക് മുന്നില്‍ സംസാരിച്ചാല്‍ അച്ഛനും ഭര്‍ത്താവും കൊന്നു കളയുമെന്ന് പറഞ്ഞു മാറിയിരുന്നു.
പിജി പഠനം കഴിഞ്ഞയുടന്‍ അച്ഛന്റെ ആഗ്രഹപ്രകാരം പ്രായക്കൂടുതലും ദേശവും ഭാഷയും അറിയാത്തയാളുമായി ചെന്നൈയിലേക്ക് വിവാഹം കഴിപ്പിച്ചു. അവിടെ ഒന്നിച്ചു ജീവിച്ചു പോകാനാകുമോ എന്ന പരീക്ഷണങ്ങള്‍ക്കിടയിലാണ് അവിചാരിതമായി ഗര്‍ഭിണിയായത്. ആകസ്മിക ഗര്‍ഭത്തെ ആകാവുന്ന അത്രയും ധൈര്യം സംഭരിച്ചു ഈ 24 കാരി എതിര്‍ത്ത് നോക്കി. നടന്നില്ല. മാത്രമല്ല അകാല ഗര്‍ഭത്തില്‍ ആധി പൂണ്ടു അലസിപ്പിക്കാനായി അവള്‍ ഒറ്റയ്ക്ക് ചെന്നൈ നഗരത്തിലെ ആശുപത്രികള്‍ കയറിയിറങ്ങി. ഫലം വിഫലം. കാരണം ഭര്‍ത്താവ് ഒപ്പിട്ടാല്‍ അബോര്‍ഷന്‍ ചെയ്യാമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞുവിട്ടു.
Also Read: കേരളാ പൊലീസും കൈവിട്ടു; അമ്മയുടെ അവസാന ആഗ്രഹവും നിഷേധിച്ച് പൊലീസും കോടതിയും
എല്ലാ ദിവസവും കരഞ്ഞു തളര്‍ന്നു ഭര്‍ത്താവിന്റെ കാല് പിടിച്ചു നോക്കിയെങ്കിലും വഴങ്ങാതെ ഉറച്ചു നിന്നു. കുടുംബപരമ്പര നിലനിർത്തേണ്ട ഗര്‍ഭമാണത്രെ. ഒടുവില്‍ മനസ്സിന്റെ താളം തെറ്റി തുടങ്ങി എന്നായപ്പോള്‍ കോഴിക്കോട് ഉള്ള അച്ഛനെ സഹായത്തിനു വിളിച്ചു. ഭര്‍തൃഹിതത്തിനാണ് മുന്‍ഗണന എന്ന് പറഞ്ഞു അച്ഛനും കൈവിട്ടു. ആത്മഹത്യ ഭീഷണി മുഴക്കിനോക്കി. പിന്നീട് അങ്ങോട്ട് അച്ഛന്‍ ഫോണ്‍ എടുക്കാതായി. ഒടുവില്‍ കേരള പൊലീസിന്റെ വനിതാ ഹെല്‍പ്‌ലൈനില്‍ വിളിച്ചു പരാതിപ്പെട്ടു. പൊലീസ് ഇടപെട്ടതോടെ അച്ഛന്‍ ചെന്നൈയിലെത്തി മകളെ കൂട്ടികൊണ്ട് വന്നു.
Also Read: 'സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ'; ഈ ശിശുഹത്യകളുടെ സത്യമെന്ത്? ന്യൂസ് മലയാളം അന്വേഷണം
അവിടം മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രകളും തുടങ്ങി. ദിവസേനയെന്നോണം ഗര്‍ഭഛിദ്രത്തിനായി കെഞ്ചി കണ്ണീരോടെ മടങ്ങും. ഭര്‍ത്താവോ അച്ഛനോ ഒപ്പിടാതെയുള്ള നിയമപ്രശ്‌നം ഉന്നയിച്ചു ഡോക്ടര്‍മാര്‍ മടക്കി വിടും. ഇതിനിടെയാണ് ഉറക്കം നഷ്ടപ്പെട്ടു മാനസികാരോഗ്യവും തകരാറിലായത്. ഇതോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും പോകേണ്ടി വന്നു. അപ്പോഴും തന്റെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും ഗര്‍ഭഛിദ്രം അനുവദിച്ചുകൂടെ എന്ന് എത്രയോ തവണ കെഞ്ചിക്കേണ് മടങ്ങി.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാല് പിടിച്ചു ഗര്‍ഭം നാലു മാസം പിന്നിട്ടു. ഇനി ഒരിക്കലും അബോര്‍ഷന്‍ സാധ്യമല്ല എന്ന് അവള്‍ക്കറിയാമെങ്കിലും പക്ഷേ മനസ്സ് കൊണ്ട് അംഗീകരിക്കില്ല. കുഞ്ഞിനു വേണ്ടി ഫോളിക് അസിഡോ അയേണ്‍ ഗുളികകളൊ കഴിച്ചിട്ടില്ല. ഭക്ഷണവും ഉറക്കവും നന്നേ കുറവാണ്.
Also Read: വയലിൽ ഉപേക്ഷിച്ചു, കുഞ്ഞ് മരിച്ചു; അമ്മ സുമംഗളയോ കുറ്റക്കാരി?
എന്തുകൊണ്ടാണ് ഗര്‍ഭഛിദ്രത്തിനായി ഇത്രയും ഓടി നടന്നതെന്ന ചോദ്യത്തിന് ഇപ്പോള്‍ അമ്മയാവാന്‍ ആകില്ല എന്നായിരുന്നു മറുപടി. കാരണം ചെറുപ്പത്തിലേ അമ്മയില്ലാതെ, രണ്ടാനമ്മയുള്ള വീട്ടില്‍, പനിച്ചു കിടന്നാല്‍ പോലും നോക്കാന്‍ ആളില്ലാത്ത വിധമാണ് ജീവിച്ചത്. പിജി കഴിഞ്ഞയുടന്‍ അച്ഛന് വേണ്ടി വിവാഹിതയായി. തുടര്‍ന്ന് പഠിക്കാമെന്നും ജോലി നേടാമെന്നുമുള്ള സ്വപ്നത്തിലേക്കാണ് അപ്രതീക്ഷിത ഗര്‍ഭമുണ്ടാകുന്നത്.
Also Read: കുഞ്ഞിനെ കൊല്ലേണ്ടി വന്ന അമ്മയ്ക്ക് രഹസ്യ ശിക്ഷ നൽകി ഭർതൃ കുടുംബം
ഇതോടെ ഉണ്ടായിരുന്ന മനസ്സമാധാനവും ഇല്ലാതായിരിക്കുന്നു. കനല്‍ നിറഞ്ഞ നെഞ്ചും വയറുമായി 24 കാരിയായ ഒരു ഗര്‍ഭിണി കേരളത്തിലും തമിഴ്‌നാട്ടിലും നടന്നുതീര്‍ത്ത ആശുപത്രികള്‍ എല്ലാം കൈവിട്ടു. മാനസികാരോഗ്യം തകരാറിലുമായി. ഇപ്പോഴത്തെ ഗര്‍ഭാനന്തര ഡിപ്രഷന്‍ എന്ന അവസ്ഥ പ്രസവാനന്തര ഭ്രാന്ത് ആയി മാറുമോ എന്ന ആധി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വേണ്ട വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ തയ്യാറായി ഇതേ നിയമവ്യവസ്ഥ പുറത്തു കാത്ത് നില്‍പ്പുണ്ട്. അപ്പോഴും യഥാര്‍ഥ കുറ്റക്കാര്‍ ആയ സര്‍ക്കാര്‍, നിയമം തുടങ്ങിയ വ്യവസ്ഥിതികള്‍ ഇവരെപ്പോലുള്ള സ്ത്രീകളെ നോക്കി കൊഞ്ഞനം കുത്തുന്നത് തുടരും..
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...