സുമയ്യയ്ക്ക് ഒരു അസുഖവുമില്ല. അഹങ്കാരം മാത്രമാണെന്ന് ഭര്‍തൃബന്ധുക്കള്‍ ആണയിടുന്നു
2015 ജൂണ്‍ 9 രാത്രി പത്തു മണിയോടെ മലപ്പുറം പൊന്നാനി എംഇഎസ് കോളേജിന് പിന്‍വശം താമസിക്കുന്ന കല്ലൂക്കാരന്റെ വീട്ടില്‍ സക്കറിയയുടെ ഒന്നര വയസ്സുള്ള മകള്‍ ഷിഫാന ഷെറിനെ വീട്ടിലെ കിണറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി.
2015 ജൂണ്‍ 12
പൊന്നാനി പോലീസ് സ്റ്റേഷന്‍
ക്രൈം നമ്പര്‍ 716/2015
സംഭവം നടന്ന നാലാം ദിവസം പൊന്നാനി ലൈറ്റ് ഹൗസ് റോഡിലെ വീട്ടിലെത്തിയ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ കൂടിയായ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സുള്ള സുമയ്യയുടെ ശാരീരികപരിശോധനാ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി മഞ്ചേരി ജില്ലാ ജയിലില്‍ അടച്ചു. ജയിലില്‍ വെച്ച് തലകറങ്ങി വീണ സുമയ്യ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
Also Read: കേരളാ പൊലീസും കൈവിട്ടു; അമ്മയുടെ അവസാന ആഗ്രഹവും നിഷേധിച്ച് പൊലീസും കോടതിയും
തീരത്തു തിരമാലകള്‍ എന്നപോലെ ആത്മസംഘര്‍ഷങ്ങള്‍ അലതല്ലി, നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസിലെ പ്രതിയായ സുമയ്യ ഇപ്പോള്‍ എന്തു ചെയ്യുകയാകും? എങ്ങനെയാകും ജീവിക്കുന്നത്? ഈ കാര്യങ്ങളറിയാന്‍ ഞങ്ങള്‍ പൊന്നാനി തീരദേശത്തെ സുമയ്യയുടെ വീട്ടിലെത്തി.
അന്ന് ഗര്‍ഭത്തിലിരുന്ന കുട്ടി ഇപ്പോള്‍ മൂന്നാം ക്ലാസ്സില്‍ എത്തിയിരിക്കുന്നു. സുമയ്യയും മൂന്നു കുട്ടികളും മത്‌സ്യത്തൊഴിലാളികളായ സഹോദരന്‍മാരുടെ കാരുണ്യത്തിലാണ് കഴിയുന്നത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിവാഹിതയായ സുമയ്യയുടെ ആദ്യ കുട്ടിയ്ക്ക് മൂന്ന് വയസും രണ്ടാമത്തെ കുട്ടിയ്ക്ക് ഏഴ് മാസവും മാത്രം പ്രായമുള്ളപ്പോഴാണ് ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മുന്നാമതും ഗര്‍ഭിണിയായത്. ആകസ്മിക ഗര്‍ഭത്തിന് സുമയ്യ മാനസികമായോ ശരീരികമായോ തയ്യാറായിരുന്നില്ല. അതിനാല്‍ അബോര്‍ഷനു വേണ്ടിയുള്ള അശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ഭര്‍തൃ കുടുംബവും കൂട്ടു നിന്നു.
Also Read: 'സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ'; ഈ ശിശുഹത്യകളുടെ സത്യമെന്ത്? ന്യൂസ് മലയാളം അന്വേഷണം
ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ഡിപ്രഷനിലേക്കും തുടര്‍ന്നു പ്രീ പാര്‍ട്ടം സൈക്കോസിസിനും കാരണമാകും. അതുകൊണ്ട് തന്നെ ഭര്‍തൃസഹോദരന്റെ കുഞ്ഞ് കൊല്ലപ്പെടുമ്പോള്‍ തന്റെ മാനസികവ്യാപാരങ്ങള്‍ എന്തായിരുന്നുവെന്ന് സുമയ്യ ലോകത്തോട് മനസ് തുറന്ന് പറയുന്നു.
പ്രീ പാര്‍ട്ടം, പോസ്റ്റ് പാര്‍ട്ടം, പെരിനാറ്റല്‍ സൈക്കോസിസ് തുടങ്ങിയ വാക്കുകള്‍ ഒന്നും തന്നെ ഇന്നും കേട്ടിട്ടില്ല കേരള പോലീസ്. അതുകൊണ്ട് തന്നെ പൊന്നാനി പൊലീസ് സുമയ്യ മൊഴിയായി പറഞ്ഞതെല്ലാം അവിശ്വസനീയമായ രീതിയില്‍ കഥ പോലെ കേട്ടിരുന്ന് ഒരക്ഷരം പോലും എഴുതിയില്ല. എന്നിട്ടോ സുമയ്യയുടെ മാനസികാരോഗ്യനില പരിശോധിക്കാതെ വെറും ഒന്നര വയസ്സുള്ള കുട്ടിയോട് തോന്നിയ അസൂയയാണ് കൊലപാതകത്തിന്റെ കാരണമെന്നു മൊഴിയായി കുറ്റപത്രത്തില്‍ എഴുതിപിടിപ്പിച്ച് ലോകത്തിന് മുന്നിലേക്ക് തള്ളിയിട്ടു.
പോലീസിന്റെ കണ്ടെത്തല്‍ ശരിയായിരുന്നോ? ഇക്കാര്യങ്ങള്‍ എല്ലാം സുമയ്യ പോലീസിനോട് പറഞ്ഞിരുന്നോ? ഒമ്പതു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സുമയ്യ വെളിപ്പെടുത്തുന്നു.
സംഭവം നടന്ന കാലയളവില്‍ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ രവി സന്തോഷ്, പ്രോബേഷന്‍ എസ്‌ഐ ആനന്ദ് ബാലു എന്നിവരുള്‍പ്പെടെയാണ് സുമയ്യയെ അന്ന് ചോദ്യം ചെയ്തത്. ഇവരില്‍ ആരായിരുന്നു ആ കുപ്രസിദ്ധ ചോദ്യം ചോദിച്ചത് എന്ന് തിരിച്ചറിയാന്‍ സുമയ്യയ്ക്ക് കഴിയില്ല. ഗര്‍ഭത്തില്‍ തന്നെ സുമയ്യയെ വിവാഹമോചനം ചെയ്ത ഭര്‍ത്താവ് ഷറഫുദീനെ ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം പുനര്‍വിവാഹിതനായിരിക്കുന്നു. രണ്ട് മക്കളുമായി. സുമയ്യയാകട്ടെ, നിത്യവൃത്തിയ്ക്ക് വകയില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതെ ഇരുട്ടകങ്ങളില്‍ കഴിഞ്ഞു കൂടുന്നു. എന്തിനായിരുന്നു ഇങ്ങനെയൊരു അവസ്ഥയിലേക്ക് സുമയ്യയെ തള്ളിവിട്ടത്.
Also Read: വയലിൽ ഉപേക്ഷിച്ചു, കുഞ്ഞ് മരിച്ചു; അമ്മ സുമംഗളയോ കുറ്റക്കാരി?
സുമയ്യയ്ക്ക് ഒരു അസുഖവുമില്ല. അഹങ്കാരം മാത്രമാണെന്ന് ഭര്‍തൃബന്ധുക്കള്‍ ആണയിടുന്നു. കേസിന്റെ പേരില്‍ കുട്ടികളുടെ ദൈനംദിന ചെലവിനുള്ള തുക പോലും ഷറഫുദീന്‍ കൃത്യമായി നല്‍കാറില്ലെന്ന് സുമയ്യ പറയുന്നു. സുമയ്യയുടെയും മൂന്ന് കുട്ടികളുടെയും ദൈനംദിന ചെലവുകള്‍ക്കൊപ്പം കേസ് നടത്തിപ്പിനുള്ള ഭാരിച്ച ചെലവ് കൂടി മത്‌സ്യത്തൊഴിലാളികളായ സഹോദരങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. കേസ് അനന്തമായി നീളുന്നതിന്റെ ആത്മസംഘര്‍ഷങ്ങളില്‍ വെന്തുനീറുന്ന സുമയ്യ തന്നെ അതിനൊരു ശാശ്വതപരിഹാരം കണ്ടു വെച്ചിട്ടുണ്ട്.
എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ ഹൃദയം കൊളുത്തിവലിച്ച നിമിഷം. ഇതിനിടയ്ക്ക് മാനസികമായി തകര്‍ന്നുപോയ സുമയ്യ മഞ്ചേരി കോടതിയില്‍ പലതവണ ഹാജരാകാത്തതിനെതുടര്‍ന്നു പൊലീസ് അറസ്റ്റ് ചെയ്ത് കോടതി മുന്‍പാകെ ഹാജരാക്കി.
Also Read: കുഞ്ഞിനെ കൊല്ലേണ്ടി വന്ന അമ്മയ്ക്ക് രഹസ്യ ശിക്ഷ നൽകി ഭർത്യ കുടുംബം
സുമയ്യയോട് യാത്ര പറഞ്ഞു പിരിയാന്‍ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും ചെറിയ മകള്‍ അമ്മയെ വട്ടം പിടിച്ചു പിടിച്ചു കരച്ചിലായി. സുമയ്യയുടെ ഗര്‍ഭത്തിലേ പൊലീസ്, കോടതി, വേര്‍പിരിയല്‍, ദാരിദ്ര്യം തുടങ്ങി എല്ലാ ദുരനുഭവങ്ങളിലൂടെയും ഒപ്പം സഞ്ചരിച്ച കുട്ടി ഇപ്പോഴും ആ ട്രോമയെ അതിജീവിച്ചിട്ടില്ല എന്നതിന്റെ നേര്‍സാക്ഷ്യം.
പോലീസ് അല്ലെന്ന് എത്ര ആശ്വസിപ്പിച്ചിട്ടും കുഞ്ഞിക്കണ്ണുകളിലെ അന്ധാളിപ്പ് അകന്നു പോയില്ല. ആ ഭയം എത്ര വലുതായാലും മാറുകയുമില്ല. ഇവരെപോലുള്ള കുട്ടികളെല്ലാം ഭാവിയില്‍ എങ്ങനെയാകും ഇത്തരം ട്രോമകളെ അതിജീവിക്കുക എന്നത് നീറ്റലായി അവശേഷിക്കുന്നു.
സുമയ്യയെ പോലുള്ളവര്‍ക്ക് വൈകിക്കിട്ടുന്ന നീതി അനീതിയായിരിക്കും. ഇത് മനസ്സിലാക്കി വേണം ഇത്തരം അമ്മമാരുടെ ഉള്ളിലെ കനല്‍ കെടുത്തി ചേര്‍ത്ത് പിടിക്കാന്‍. പ്രാചീന ഭരണംകൂടത്തിനല്ല, ആധുനിക ഭരണകൂടത്തിനാണ് അതിന് കഴിയുക എന്ന് കൂടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭരിക്കുന്നവര്‍ തിരിച്ചറിയണം.
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...