സംഭവത്തില്‍ ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
കേരളത്തിന്റെ കണ്ണീര്‍കണങ്ങളായി ഇര്‍ഫാന, മിത, റിദ, ആയിഷ എന്നീ കുട്ടികള്‍. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പാലക്കാട് പനയമ്പാടം അപകടത്തില്‍ മരിച്ചത്. നാല് കുട്ടികളുടെയും വീട് സ്‌കൂളിന് തൊട്ടടുത്താണെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സിമന്റ് ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴയത്ത് നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കുണ്ട്. ഇവര്‍ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറി ഡ്രൈവറായ മഹേന്ദ്ര പ്രസാദിനേയും ക്ലീനര്‍ വര്‍ഗീസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, അപകട കാരണം മറ്റൊരു ലോറി ഇടിച്ചതാണെന്ന് ആർടിഒ അറിയിച്ചു. പാലക്കാടേക്ക് പോവുകയായിരുന്ന മറ്റൊരു ലോറി സിമൻ്റ് ലോറിയിൽ ഇടിച്ചു. ഇതോടെ നിയന്തണംവിട്ട ലോറി മറിയുകയായിരുന്നുവെന്ന് അറിയിച്ചു. അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ലോറി ഉയര്‍ത്തിയത്. നാല് കുട്ടികളും ലോറിക്കടിയില്‍ പെട്ടുപോകുകയായിരുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികള്‍. സംഭവത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പാലക്കാട് കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞ് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
പനയമ്പാടത്തേത് അപകടം പതിയിരിക്കുന്ന വളവാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. ലോറികളുടെ സ്പീഡും ഓവര്‍ലോഡും മദ്യപാനവുമാണ് പ്രശ്‌ന കാരണം. കുട്ടികള്‍ മരിച്ചത് അതീവ ദുഃഖകരമെന്നും മന്ത്രി പറഞ്ഞു. ഞെട്ടിക്കുന്നതും ദാരുണവുമായ സംഭവമെന്ന് അനുശോചനക്കുറിപ്പില്‍ മുഖ്യമന്ത്രിയും പ്രതികരിച്ചു.
സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.