വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച കുറ്റത്തിൽ 17 കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു
24 മണിക്കൂറിനുള്ളിൽ 11 ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതായും ഈ ആഴ്ച മാത്രം 50 വ്യാജ കോളുകളുകൾ ലഭിച്ചതായും റിപ്പോർട്ട്. ഇത് യാത്രക്കാർക്കിടയിലും അധികൃതരുടെ ഇടയിലും അരക്ഷിതാവസ്ഥ സൃഷ്‍ടിച്ചു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം (യുകെ 17) ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
ജയ്പൂർ-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും (IX 196) ഭീഷണിയുണ്ടായി. എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. അതേസമയം ഇന്ന് അഞ്ച് ആകാശാ വിമാനങ്ങൾക്കും അഞ്ച് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി ലഭിച്ചു. ബോംബ് ഭീഷണിയെത്തുടർന്ന് ജയ്പൂർ-ദുബായ് (IX 195) വിമാനം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകി. ഇന്ന് രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ന് 7.45നാണ് ദുബായിലേക്ക് പുറപ്പെട്ടത്. ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലേക്ക് പുറപ്പെട്ടു. മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പാണ് ഭീഷണി നേരിട്ടത്.
ALSO READ: സുഹൃത്തിനോടുളള പക തീർക്കാൻ; വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച കുറ്റം സമ്മതിച്ച് 17കാരൻ
അതേസമയം സിവിൽ ഏവിയേഷൻ മന്ത്രി വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പ്രസ്താവനയിൽ പറഞ്ഞു. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വ്യാജ കോളുകൾക്ക് ഉത്തരവാദികളായവരുടെ പേരുകൾ എയർലൈനുമായും സുരക്ഷാ ഏജൻസികളുമായും പങ്കിടുമെന്നും അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനകം ബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണത്തിൻ്റെ വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറും. വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച കുറ്റത്തിൽ 17 കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.