ഭാര്യ പല്ലവിയാണ് ദാരുണമായ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും കർണാടക മുൻ ഡിജിപിയുമായ ഓം പ്രകാശിനെ ബെംഗളൂരുവിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭാര്യയെന്ന് സംശയം. ഭാര്യ പല്ലവി ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസിൻ്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യ പല്ലവിയെ തന്നെയാണ് പ്രധാനമായും സംശയിക്കുന്നത്.
എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മുൻ പൊലീസ് മേധാവി ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മരണത്തിന് പിന്നിൽ അടുത്ത കുടുംബാംഗത്തിന് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രകാശിന്റെ ഭാര്യ പല്ലവിയാണ് ദാരുണമായ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. മരണ വാർത്ത അറിഞ്ഞയുടനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. മൂന്ന് നിലകളുള്ള അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓം പ്രകാശിൻ്റെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തുവരികയാണ്. തന്റെ അടുത്ത സഹായികളിൽ ചിലരോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 68കാരനായ ഐപിഎസ് ഉദ്യോഗസ്ഥൻ ബിഹാറിലെ ചമ്പാരൻ സ്വദേശിയായിരുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദം (എംഎസ്‌സി) നേടിയ അദ്ദേഹം 2015 മാർച്ച് 1ന് കർണാടക ഡിജിപിയായി നിയമിതനായി.