ഒന്നിലധികം പേര്‍ ചേന്ന് കുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോ. അഞ്ജു സിംഗ് പറഞ്ഞു
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സംസാര-കേള്‍വി പരിമിതികളുള്ള 11 കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെയാണ് ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 24 വയസ്സുള്ള ഡാന്‍ സിംഗ് എന്ന ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രതി പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തു. പൊലീസിന്റെ തിരിച്ചുള്ള ആക്രമണത്തില്‍ പ്രതിക്ക് കാലിന് വെടിയേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് പെണ്‍കുട്ടിയെ നഗ്നയായി, അബോധാവസ്ഥയില്‍ അടുത്തുള്ള പാടത്ത് നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി.
ഒന്നിലധികം പേര്‍ ചേന്ന് കുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോ. അഞ്ജു സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുഖത്ത് ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലമായി പെണ്‍കുട്ടിയുടെ മുഖം നീര് വെച്ച് വീങ്ങിയിരിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു.
പെണ്‍കുട്ടി ഭയത്താല്‍ ഒന്നും പ്രതികരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകമായ ഒരു കേസുകളിലൊന്നാണെന്നും ഡോ. അഞ്ജു സിംഗ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചാണ് പ്രതിയെ അന്വേഷിച്ചതെന്ന് റാംപൂര്‍ പൊലീസ് ചീഫ് വിദ്യ സാഗര്‍ മിശ്ര പറഞ്ഞു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതി പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് സ്വയരക്ഷയ്ക്കായി തിരികെ വെടിയുതിര്‍ക്കുമ്പോള്‍ പ്രതിക്ക് കാലിന് പരിക്ക് പറ്റി. പ്രതിയ്ക്കെതിരെ ഇലക്ട്രോണിക്ക് തെളിവുകള്‍ പക്കലുണ്ടെന്നും പെണ്‍കുട്ടി ചികത്സയിലാണെന്നും പൊലീസ് അറിയിച്ചു.