കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് ഒറ്റപ്പെട്ട് കഴിയുന്ന വിനോദസഞ്ചാരികൾക്കായി തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു
കഴിഞ്ഞ ആഴ്ചയിൽ പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെ സിക്കിമില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട 1,225 വിനോദസഞ്ചാരികളെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനത്തിൻ്റെ രണ്ടാം ദിവസമാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ സഞ്ചാരികളെ കാൽനടയായും പുറത്തേക്ക് എത്തിച്ചു. സൈന്യത്തിൻ്റെ നേതൃത്ത്വത്തിൽ വടക്കൻ സിക്കിമിൽ ദുരിതാശ്വാസ കേന്ദ്രങ്ങളും എയ്ഡ് ബൂത്തുകളും സ്ഥാപിച്ചു. ഇതുവഴി നിർധനരായ ആളുകൾക്കും വിനോദസഞ്ചാരികൾക്കും വൈദ്യസഹായം നൽകിവരികയാണ്.
ദുരന്തത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. വീടുകൾ തകർന്നു ,വൈദ്യുതി, വാർത്താവിനിമയ ലൈനുകൾ തകരാറിലായി, റോഡുകളും പാലങ്ങളും ഒലിച്ചുപോയി. വിനോദസഞ്ചാരത്തിന് പ്രസിദ്ധമായ മംഗൻ ജില്ലയിൽ 1500ഓളം വിനോദസഞ്ചാരികളായിരുന്നു ഒറ്റപ്പെട്ടുകിടന്നിരുന്നത്.
വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതിനാൽ എയർലിഫ്റ്റ് രക്ഷാപ്രവർത്തനം പരാജയപ്പെട്ടു. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് ഒറ്റപ്പെട്ട് കഴിയുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.