കമ്മിറ്റി കേന്ദ്ര-സംസ്ഥാന നേതൃത്തിനാണ് പരാതി നൽകിയത്
എൻസിപിയിൽ പൊട്ടിത്തെറി. എ.കെ ശശീന്ദ്രനെതിരെ 12 ജില്ലാ കമ്മിറ്റികൾ രംഗത്ത്. ശശീന്ദ്രൻ്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതൃത്യത്തിന് ജില്ലാ കമ്മിറ്റികൾ പരാതി നൽകി. എന്നാൽ നടപടി ഭയന്ന് മന്ത്രി സ്ഥാനം രാജി വയ്ക്കരുതെന്ന് എ.കെ ശശീന്ദ്രന് ഗ്രൂപ്പിൻ്റെ നിർദേശം.
ശശീന്ദ്രനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന നേതൃത്തിനാണ് പരാതി നൽകിയത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ശരദ് പവാറിൻ്റെ നിർദേശം വരുന്നതിന് മുൻപ് തന്നെ ശശീന്ദ്രൻ പരസ്യ പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെനാണ് പരാതിയിൽ പറയുന്നു.
പാർട്ടി തീരുമാനം അംഗീകരിക്കാത്ത ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ പിന്തുണ മാത്രമേ ശശീന്ദ്രനുള്ളൂ. ശേഷിക്കുന്ന 12 ജില്ലാ കമ്മിറ്റികളും എ. കെ ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. എന്നാൽ വിട്ടു കൊടുക്കാൻ എ.കെ ശശീന്ദ്രൻ വിഭാഗവും തയ്യാറല്ല.
പി.സി ചാക്കോ പാർട്ടിയിൽ പിളർപ്പുണ്ടാക്കുകയാണെന്നും, ഒരു വിഭാഗം പ്രവർത്തകരുമായി യുഡിഎഫ് മുന്നണിയിലേക്ക് പോകാനാണ് പി.സി ചാക്കോയുടെ ശ്രമമെന്നും ശശീന്ദ്രൻ ഗ്രൂപ്പ് വാദിക്കുന്നു. പി.സി ചാക്കോയുടെ ഭീഷണി ഭയന്ന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്നും ശശീന്ദ്രന് ഗ്രൂപ്പ് നേതാക്കൾ നിർദേശം നൽകി.