fbwpx
കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Dec, 2024 05:34 PM

സാബുവിൻ്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്

KERALA



കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ മുളങ്ങാശേരില്‍ സാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷിക്കുക. എസ്‌പി ടി.കെ വിഷ്ണുപ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്.


സാബുവിനെ മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്നും എന്നാൽ താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തൊണെന്ന് സജി ചോദിച്ചു. നിങ്ങൾ വിഷയം മാറ്റാൻ ശ്രമിക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.


ALSO READ: സാബുവും ഭാര്യയും 2012 മുതല്‍ സംഘത്തിലെ ഇടപാടുകാർ, നൽകാനുള്ളത് 12 ലക്ഷം രൂപ മാത്രം; വിശദീകരണവുമായി റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി


എന്നാൽ പ്രശ്ന പരിഹാരത്തിന് ഉള്ള ശ്രമമാണ് നടത്തിയതെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നൽകുന്ന ന്യായീകരണം. സംസാരമധ്യേ വന്ന ഒരു വാക്കിനെ ഉപയോഗിച്ച് സിപിഎമ്മിനെ ആക്രമിക്കുന്നു. കോൺഗ്രസും ബിജെപിയുമാണ് ഇതിനു പിന്നിലെന്നും സി.വി. വർഗീസ് ആരോപിച്ചു. ജീവനക്കാർ അപമര്യാദയായി പെരുമാറി എന്ന് സാബു ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. മരണത്തിൻ്റെ ഉത്തരവാദികൾ ആരായാലും നടപടി സ്വീകരിക്കുമെന്നും വർഗീസ് പറഞ്ഞു. അതേസമയം സാബുവിൻ്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ മുളങ്ങാശേരില്‍ സാബുവിന് സൊസൈറ്റി നൽകാനുള്ളത് 12 ലക്ഷം മാത്രമെന്ന വിശദീകരണമാണ് ഏറ്റവുമൊടുവിൽ പുറത്തെത്തിയിരിക്കുന്നത്. മികച്ച സഹകാരിയുടെ വിയോഗം ദൗർഭാഗ്യകരമാണെന്നും സിപിഎം ഭരണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. ഭരണസമിതി സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും സൊസൈറ്റി പറഞ്ഞു.


ALSO READ: 'അടി വാങ്ങേണ്ട സമയം കഴിഞ്ഞു', സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്


സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു. പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്‌ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.


കഴി‍‍‍‍‍ഞ്ഞ ​ദിവസമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ സാബു ആത്മഹത്യ ചെയ്തത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കിൽ എത്തിയിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്നാണ് സൂചന. ബാങ്കിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച മോശം അനുഭവം സാബുവിനെ വല്ലാതെ തളർത്തിയതായും ബന്ധുക്കൾ പറയുന്നു. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.



NATIONAL
GST കൗൺസിൽ യോഗം: യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി കൂടും, ഫുഡ് ഡെലിവറി ആപ്പ് സംബന്ധിച്ച് തീരുമാനമായില്ല
Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം