ഫോൺ നശിപ്പിച്ചതിൽ പ്രകോപിതനായ ആൺകുട്ടി വയലിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മഹാരാഷ്ട്രയിൽ മൊബൈൽ ഫോൺ വെള്ളത്തിൽ വലിച്ചെറിഞ്ഞ് നശിപ്പിച്ച 41കാരിയെ തലക്കടിച്ച് കൊന്ന് 13കാരൻ. മഹാരാഷ്ട്ര ജൽന ജില്ലയിലെ അന്തർവാലി തെംഭി ഗ്രാമത്തിലാണ് സംഭവം. തെംഭി സ്വദേശിയായ മീരാഭായി എന്ന സന്ധ്യ ഭണ്ഡാരെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തീർഥപുരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 25 നാണ് സംഭവം. മരിച്ച സ്ത്രീ നേരത്തെ 13കാരൻ്റെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് കുട്ടി കൊലപാതകം ചെയ്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് മഹാരാഷ്ട്രയിലെ പ്രാദേശിക മാധ്യമമായ ലോക്നാഥ് ടെസ് റിപ്പോർട്ട് ചെയ്തു. ഫോൺ നശിപ്പിച്ചതിൽ പ്രകോപിതനായ ആൺകുട്ടി വയലിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ALSO READ: വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധം; എമ്പുരാനെതിരെ വീണ്ടും ഓർഗനൈസർ
മരിച്ച സ്ത്രീ തൻ്റെ വയലിലേക്ക് ഒഴുകുന്ന വെള്ളം ഇടയ്ക്കിടെ തടയാറുണ്ടെന്നും മൊബൈൽ ഫോൺ വെള്ളത്തിലേക്ക് എറിഞ്ഞ് കേടുപാടുകൾ വരുത്തിയിരുന്നുവെന്നും ആൺകുട്ടി പൊലീസിന് മൊഴി നൽകി. കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.