സംസ്ഥാന കമ്മിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളുടെ എണ്ണം കൂടരുതെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു
പ്രായപരിധി ചട്ടത്തെ തുടർന്ന് ഒഴിവാകുന്നവരോട് അവഗണന പാടില്ലെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ പ്രവര്‍ത്തന മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ട്. ഇത് തിരുത്തണമെന്നും സംഘടനാ റിപ്പോർട്ടിൽ പരാമർശം ഉണ്ട്. സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ പാർട്ടി കോൺഗ്രസിൽ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. നിബന്ധന പിൻവലിക്കണമെന്ന് വിവിധ സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെട്ടു. പ്രായ പരിധിക്ക് പകരം പ്രവർത്തന ക്ഷമത പരിഗണിക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു. കേരളഘടകത്തിൻ്റെ ഗ്രൂപ്പ് ചർച്ചയിൽ നാല് പ്രതിനിധികളാണ് പ്രായപരിധിയെ കുറിച്ചുള്ള നിബന്ധനയെ എതിർത്തത്.
സംസ്ഥാന കമ്മിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളുടെ എണ്ണം കൂടരുതെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ചില സംസ്ഥാന കമ്മിറ്റികളിൽ അനുവദനീയമായതിലും കൂടുതൽ ക്ഷണിതാക്കൾ ഉണ്ടെന്നും, ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മാർഗനിർദേശം പാലിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വലിയ സംസ്ഥാന കമ്മിറ്റികളിൽ അഞ്ചും ചെറിയ കമ്മിറ്റികളിൽ മൂന്നും ക്ഷണിതാക്കളെ പാടുള്ളുവെന്നും റിപ്പോർട്ട് നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്. മികച്ച പാർട്ടി നേതൃത്വ ചരിത്രമുള്ളവരെ മാത്രം ക്ഷണിതാക്കളാക്കിയാൽ മതി. അല്ലാത്തവരെ അവരുടെ പരിചയ സമ്പത്തും കഴിവും അനുസരിച്ച് മാത്രം ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി അംഗത്വത്തിലെ കൊഴിഞ്ഞുപോക്ക് ഗുരുതരമാണ്. ഇത് ആശങ്കയ്ക്ക് വഴിവെക്കുന്നുവെന്നാണ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. ചില സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് വളരെ കൂടുതലാണ്. കേരളത്തിലെ സ്ഥിതി പൂര്‍ണ അംഗത്വം ലഭിക്കും മുമ്പ് അംഗങ്ങൾ കൊഴിഞ്ഞു പോകുന്നു എന്നതാണ്. 2024ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ 22.8% കൊഴിഞ്ഞു പോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയത് തെലുങ്കാനയിലാണ്. ഇവിടെ പൂർണ അംഗങ്ങളിൽ പോലും കൊഴിഞ്ഞു പോക്ക് ഉണ്ട്. 7 സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് നിരക്ക് 6%മാണ്. തമിഴ്നാട്ടിൽ ഇത് 10% ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐഎം പാർട്ടി കോൺഗ്രസിൻ്റെ രണ്ടാംദിനമായ ഇന്ന് രാഷ്ട്രീയ അവലോകന റിപ്പോർട്ടിൻ മേലുള്ള ചർച്ചയാണ് മുഖ്യ അജണ്ട.
കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് 72 മിനിറ്റ് സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത്. പി.കെ. ബിജു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ. കെ. രാഗേഷ്, ഡോ. ആർ. ബിന്ദു, ഡോ. ടി. എൻ. സീമ, ജെയ്ക്. സി. തോമസ്, എം. അനിൽ കുമാർ എന്നിവരായിരിക്കും ചർച്ചയിൽ പങ്കെടുക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.