പാര്‍ട്ടിയുടെ നിലപാടില്‍ രാജ്യത്തെ മുസ്ലീങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും നിരാശരാണെന്നും കത്തില്‍ പറയുന്നു
വഖഫ് ഭേദഗതി ബില്‍ പാസാക്കുന്നതിന് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയില്‍ നിന്ന് രണ്ട് നേതാക്കള്‍ രാജിവെച്ചു. ജെഡിയു മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് അഷ്‌റഫ് അന്‍സാരി എന്നിവരാണ് രാജിവെച്ചത്.
ബില്ലിനെ അനുകൂലിച്ച ജെഡിയു നിലപാടില്‍ നിരാശനായാണ് രാജിവെക്കുന്നതെന്ന് ഖാസിം അന്‍സാരി നിതീഷ് കുമാറിന് അയച്ച കത്തില്‍ വ്യക്തമാക്കി. വഖഫ് നിയമഭേദഗതി ബില്‍ പാര്‍ട്ടിയുടെ തത്വങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ പറയുന്നു.
ജെഡിയു ന്യൂനപക്ഷ വിഭാഗം നേതാവാണ് മുഹമ്മദ് അഷ്‌റഫ് അന്‍സാരി. മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകനാണെന്ന് രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് അഷ്‌റഫ് അന്‍സാരിയുടെ രാജിക്കത്ത്. ഈ വിശ്വാസമാണ് ഇപ്പോള്‍ തകര്‍ന്നത്. പാര്‍ട്ടിയുടെ നിലപാടില്‍ രാജ്യത്തെ മുസ്ലീങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും നിരാശരാണെന്നും കത്തില്‍ പറയുന്നു. ജീവിതത്തിന്റെ വലിയൊരു പങ്ക് നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ പൂര്‍ണമായും നിരാശനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തരത്തിലും ഈ ബില്ലിനെ അനുകൂലിക്കാനാകില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിത്. ഈ ബില്ലിലൂടെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ അപമാനിക്കപ്പെട്ടു. ഈ വസ്തുത നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരിച്ചറിയുന്നില്ല. ഈ പാര്‍ട്ടിക്കു വേണ്ടി ജീവിതത്തിന്റെ വലിയൊരു പങ്ക് മാറ്റിവെച്ചതില്‍ താനിന്ന് ഖേദിക്കുന്നുവെന്നും മുഹമ്മദ് അഷ്‌റഫ് അന്‍സാരി പറഞ്ഞു.
നിയമം സുതാര്യത കൊണ്ടുവരാനും മുസ്ലീം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതാണെന്നായിരുന്നു ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന് പിന്തുണ അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജന്‍ (ലാലന്‍) സിംഗ് പറഞ്ഞത്.