fbwpx
'വഖഫ് ഭേദ​ഗതി ബിൽ മുസ്ലീങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്നു'; സുപ്രീം കോടതിയില്‍ ഹർജി നല്‍കി കോൺ​ഗ്രസ് എംപി
logo

ന്യൂസ് ഡെസ്ക്

Posted : 04 Apr, 2025 04:56 PM

ഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു

NATIONAL


വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് കോൺ​ഗ്രസ് എംപി. ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പായ മുഹമ്മദ് ജാവേദാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വഖഫ് ഭേദ​ഗതി ബിൽ പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിലെ അം​ഗവുമായിരുന്നു ജാവേദ്. മുസ്ലീങ്ങളെ വിവേചനപരമായി സമീപിക്കുന്ന നിയമമെന്നാണ് ഭേദ​ഗതി ബില്ലിനെ എംപി വിശേഷിപ്പിച്ചത്.



വഖഫ് ഭേദ​ഗതി ബിൽ മുസ്ലീങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്നുവെന്നാണ് ജാവേദിന്റെ ഹർജിയിൽ പറയുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), 25 (മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം), 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 29 (ന്യൂനപക്ഷ അവകാശങ്ങൾ), 300എ (സ്വത്തവകാശം) എന്നിവയുടെ ലംഘനമാണിതെന്നുമാണ് മുഹമ്മദ് ജാവേദിന്റെ വാദം.


Also Read: വഖഫ് ഭേദഗതി ബിൽ: കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്


ഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ എല്ലാ ആക്രമണങ്ങളെയും ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കുമെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു.


Also Read: "വഖഫ് ബില്ലിനെക്കുറിച്ചുള്ള പരാമർശം ഭരണഘടനാ വിരുദ്ധം"; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി


14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബിൽ 'മുസ്ലീം വിരുദ്ധമാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നും' ആയിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ലോക്സഭയിലും നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. 288 പേർ ബില്ലിനെ പിന്തുണച്ചും, 232 പേർ ബില്ലിനെ എതിർത്തുമാണ് ലോക്സഭയിൽ വോട്ട് ചെയ്തത്. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അനുമതി കൂടി കിട്ടുന്നതോടെ ബിൽ നിയമമാകും. ഇതോടെ 1995 വഖഫ് നിയമം അസാധുവാകും.

Also Read
user
Share This

Popular

KERALA
WORLD
IPL 2025 | SRH vs GT | ഹൈദരാബാദിനെ ഉദിച്ചുയരാൻ വിടാതെ ടൈറ്റൻസ്; സൺറൈസേഴ്സിനെതിരെ ഗുജറാത്തിന് 7 വിക്കറ്റ് ജയം