സോഷ്യല്‍മീഡിയയിലും സജീവമാണ് അമന്‍ദീപ്. സ്വന്തം ഥാറില്‍ നിന്നുള്ള റീലുകള്‍ പതിവായി ഉദ്യോഗസ്ഥ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്
പഞ്ചാബില്‍ ഹെറോയിനുമായി പിടിയിലായ പൊലീസ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് പുറത്താക്കി. പഞ്ചാബിലെ സീനിയര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അമന്‍ദീപ് കൗര്‍ ആണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ലഹരി വേട്ടയ്ക്കിടയില്‍ പിടിയിലായത്.
പൊലീസും ആന്റി നാര്‍കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്(ANTF) ഉം സംയുക്തമായി നടത്തിയ ലഹരി വേട്ടയ്ക്കിടയിലാണ് അമന്‍ദീപ് കൗറിനെയും സുഹൃത്തിനേയും 17.71 ഗ്രാം ഹെറോയിനുമായി പിടികൂടിയത്. ഭട്ടിന്‍ഡയിലെ ബാദല്‍ ഫ്‌ളൈഓവറിന് സമീപത്തു വെച്ച് അമന്‍ദീപ് കൗറിന്റെ ഥാര്‍ വാഹനത്തിലായിരുന്നു ഇരുവരേയും കണ്ടെത്തിയത്.
Also Read: "വഖഫ് ബില്ലിനെക്കുറിച്ചുള്ള പരാമർശം ഭരണഘടനാ വിരുദ്ധം"; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി
ഫ്‌ളൈ ഓവറിന് സമീപം കണ്ട ഥാറില്‍ അമന്‍ദീപിനൊപ്പം ജസ്വന്ത് സിങ് എന്നയാളാണ് ഉണ്ടായിരുന്നത്. വാഹനം പരിശോധിച്ചപ്പോള്‍ ഹെറോയിന്‍ കണ്ടെത്തിയതായി ഡിഎസ്പി ഹര്‍ബന്‍ സിങ് ദലിവാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പഞ്ചാബിലെ ബറ്റിന്‍ഡ പൊലീസിലെ ഉദ്യോഗസ്ഥയായിരുന്നു അമന്‍ദീപ്. എന്‍ഡിപിഎസ് നിയമപ്രകാരമാണ് അമന്‍ദീപിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍മീഡിയയിലും സജീവമാണ് അമന്‍ദീപ്. സ്വന്തം ഥാറില്‍ നിന്നുള്ള റീലുകള്‍ പതിവായി ഉദ്യോഗസ്ഥ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അമന്‍ദീപ് യൂണിഫോമില്‍ ആഢംബര വാച്ചും സണ്‍ഗ്ലാസുമൊക്കെ ധരിച്ചാണ് റീല്‍സില്‍ എത്താറുള്ളത്. ഇന്‍സ്റ്റയില്‍ 37,000 ഫോളോവേഴ്‌സുമുണ്ട്.
ആംബുലന്‍സ് ഡ്രൈവറാണ് അമന്‍ദീപിന്റെ ഭര്‍ത്താവ് ബല്‍വീന്ദര്‍ സിങ്. അമന്‍ദീപിന് വരുമാനത്തില്‍ കവിഞ്ഞ സ്വത്തുക്കളുണ്ടെന്നും കോടികള്‍ വിലയുള്ള വീട്ടിലാണ് താമസമെന്നും നേരത്തേ ആരോപണമുണ്ടായിരുന്നു.