കേന്ദ്രത്തെ തുറന്നുകാട്ടാനും, ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുമായി എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് പ്രമേയം
കേരളത്തിലെ ഇടത് സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്. ഇന്ന് അവതരിപ്പിച്ച് പാസാക്കിയ പ്രമേയത്തിലാണ് ആവശ്യം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിര്‍ത്തും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചുംകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ തീര്‍ക്കുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ കേരളത്തോട് പ്രതികരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം അസ്ഥിരപ്പെടുത്തുന്ന തന്ത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസും. കേന്ദ്ര വിവേചനം മറച്ചുവെക്കാന്‍, സംസ്ഥാന സര്‍ക്കാരിനെതിരായ വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്രത്തെ തുറന്നുകാട്ടാനും, ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുമായി എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി അംഗവും തൃപുര സംസ്ഥാന സെക്രട്ടറിയുമായ ജിതേന്ദ്ര ചൗധരി പ്രമേയത്തെ പിന്തുണച്ചു. ഇതുള്‍പ്പെടെ അഞ്ച് പ്രമേയങ്ങളും ഗാസയിലെ ഇസ്രയേല്‍ വംശഹത്യയെ അപലപിച്ചും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമുള്ള പ്രത്യേക പ്രമേയവും പാസാക്കി.
ജാതി സെന്‍സസ് എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇതുവരെ നടക്കാത്തതില്‍ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. കോവിഡിനുശേഷം സെന്‍സസ് നടത്തുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നാല് വര്‍ഷം കഴിഞ്ഞിട്ടും സെന്‍സസ് നടക്കുന്നതിന്റെ ലക്ഷണങ്ങളില്ല. മാത്രമല്ല, പൊതു സെന്‍സസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിവരങ്ങള്‍ സെന്‍സസില്‍ ലഭ്യമല്ല. അതിനാല്‍ ജാതി സെന്‍സസ് എന്ന ആവശ്യത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും പ്രമേയം പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗമായ അവധേഷ് കുമാര്‍ അവതരിപ്പിച്ച പ്രമേയത്തെ ടി. ജ്യോതി പിന്തുണച്ചു.
മണ്ഡല പുനർനിർണയം സംബന്ധിച്ച പ്രമേയം പി.ബി. അംഗമായ ജി. രാമകൃഷ്ണനാണ് അവതരിപ്പിച്ചത്. ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ചൗഹാന്‍ പിന്തുണച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ മണ്ഡല പുനര്‍നിര്‍ണയം നടത്തരുതെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പാര്‍ലമെന്റില്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെ പ്രാതിനിധ്യ അനുപാതം കുറയ്ക്കുന്ന തരത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയത്തെ ചെറുക്കണം. വിഷയത്തില്‍ വിശാലമായ സമവായം ഉണ്ടാക്കണം. അതിനായി, രാഷ്ട്രീയ പാര്‍ട്ടികളുമായും സംസ്ഥാന സര്‍ക്കാരുകളുമായും വിപുലമായ കൂടിയാലോചനകള്‍ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രമേയം പി.ബി. അംഗം നീലോത്പല്‍ ബസു അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ വി. ശ്രീനിവാസ റാവു പിന്തുണച്ചു. കഴിഞ്ഞ പതിറ്റാണ്ടിനിടെ, ഭരണഘടനാവിരുദ്ധമായ തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍തെരഞ്ഞെടുപ്പുകള്‍ നടത്തിയതെന്ന ആരോപണവും ആശങ്കകളുമാണ് പ്രമേയം മുന്നോട്ടുവച്ചത്. സാമ്പത്തിക-അധികാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ മാറിയതിലൂടെ അതൊരു പ്രഹസനമായി മാറിയതായും പ്രമേയം പറയുന്നു. മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തെ ചെറുക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. പി.ബി. അംഗമായ അശോക് ധവാലെയാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ അമ്ര റാം പ്രമേയത്തെ പിന്തുണച്ചു. കേന്ദ്രീകൃത, ഏകീകൃത രാഷ്ട്രവ്യവസ്ഥ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമത്തെ എതിര്‍ക്കണം. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു നേതാവ് എന്ന അവരുടെ മുദ്രാവാക്യത്തിന്റെ വിപുലീകരണം ആണത്. ഹിറ്റ്ലറുടെ ഫാസിസ്റ്റ് കാലത്തെ മുദ്രാവാക്യം കടമെടുത്ത് പരിഷ്കരിച്ചതാണെന്നും പ്രമേയം പറയുന്നു.
ഇതിനൊപ്പമാണ് പലസ്തീന്‍ സംബന്ധിച്ച പ്രത്യേക പ്രമേയവും അവതരിപ്പിച്ചത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം, പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ് പ്രമേയം. പി.ബി. അംഗമായ എം.എ. ബേബിയാണ് പ്രമേയം അവതരിപ്പിച്ചത്. പി.ബി. അംഗമായ ജി. രാമകൃഷ്ണന്‍ പിന്തുണച്ചു. പ്രതിനിധികള്‍ എഴുന്നേറ്റ് നിന്നും മുദ്രാവാക്യം ഉയര്‍ത്തിയുമാണ് പ്രമേയത്തെ ഏകസ്വരത്തില്‍ അംഗീകരിച്ചത്. ഇസ്രയേലിന്റെയും യുഎസിന്റെയും നടപടികളെ അപലപിച്ച പ്രതിനിധികള്‍, പലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടു. കഫിയ അണിഞ്ഞാണ് ഇന്ന് പ്രതിനിധികള്‍ സമ്മേളനത്തിനെത്തിയത്. പി.ബി. അംഗം സുഭാഷിണി അലി ചൊല്ലിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.