ഗാസയില്‍ ശനിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒറ്റ രാത്രികൊണ്ട് 29 പലസ്തീനികളാണ് കൊല്ലപ്പെട്ടത്
ഗാസയിലും ലബനനിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ദക്ഷിണ ലബനനിലെ 23 ഗ്രാമങ്ങളിൽ നിന്നു കൂടി പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടു. വടക്കന്‍ ഗാസയില്‍ കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 200 പലസ്തീനികള്‍ കൊല്ലപ്പെട്ടതായ ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ശനിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒറ്റ രാത്രികൊണ്ട് 29 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി അറിയിച്ചു. അഭയാർഥി ക്യാമ്പുകൾ ഏറ്റവും കൂടുതലുള്ള ജബാലിയ മേഖലയില്‍ ആകാശത്തുനിന്നും കരയില്‍നിന്നും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഗാസയില്‍ സുരക്ഷിതമായ ഒരു മേഖല പോലുമില്ലെന്ന് പലസ്തീന്‍, യുഎന്‍ അധികൃതര്‍ ആശങ്ക അറിയിച്ചു.
അതേസമയം, ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് 320ഓളം മിസൈലുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിലെ ചില പട്ടണങ്ങൾ ഇതിനോടകം പൂർണമായും അടച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുമായുള്ള സംഘർഷം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 23 ദക്ഷിണ ലബനന്‍ ഗ്രാമങ്ങളിലെ പ്രദേശവാസികൾക്ക് ഇസ്രയേൽ പലായന ഉത്തരവ് നല്‍കി. ദക്ഷിണ ലബനൻ, ബെക്കാ താഴ്‌വര, ബെയ്‌റൂട്ട് എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ 23 മുതൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്.
Aslo Read: ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം ഊഷ്മളമാക്കിയ വ്യക്തി; രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനമറിയിച്ച് നെതന്യാഹു
വെള്ളിയാഴ്ച ലബനനില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആന്താരാഷ്ട്ര സമാധാന സേനാംഗത്തിലെ ഒരാൾക്കു കൂടി പരുക്കേറ്റിരുന്നു. ഇതോടെ പരുക്കേറ്റ സേനാംഗങ്ങളുടെ എണ്ണം അഞ്ചായി. ഇസ്രയേല്‍ ആക്രമണങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളെക്കൂടി ബാധിക്കുന്ന സാഹചര്യത്തല്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കടുത്ത പ്രതിഷേധവും ആശങ്കയും പ്രകടിപ്പിച്ചു രംഗത്തെത്തി.
ഒക്ടോബർ 7നുശേഷം ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 42,175 പേരാണ് കൊല്ലപ്പെട്ടത്. 98,336 പേർക്ക് പരുക്കേറ്റു. 2023 ഒക്ടോബർ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി എന്ന വിധത്തിലാണ് ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഹമാസ് കേന്ദ്രങ്ങള്‍ എന്ന പേരില്‍ ആശുപത്രികള്‍, സ്കൂളുകള്‍, അനാഥാലയങ്ങള്‍ എന്നിവയാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകരുന്നത്. ആയിരക്കണക്കിനു സാധാരണക്കാരാണ് ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണ ജനങ്ങളെ ലക്ഷ്യം വെക്കുന്നില്ലെന്നും ഹമാസ് സിവിലിയന്‍സുള്ള ഇടങ്ങള്‍ മറയാക്കുകയാണ് എന്നുമാണ് ഇസ്രയേലിന്‍റെ വാദം.