യുകെയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ആയി ആള്‍മാറാട്ടം നടത്തിയാണ് മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്
മധ്യപ്രദേശില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ഹൃദയശസ്ത്രക്രിയയില്‍ ഏഴ് രോഗികള്‍ മരിച്ചതായി ആരോപണം. മധ്യപ്രദേശിലെ ദമോ ജില്ലയിലുള്ള മിഷനറി ആശുപത്രിയിലാണ് സംഭവം. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഏഴ് പേര്‍ മരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 'ഡോ. എന്‍. ജോണ്‍ കാം' എന്നയാള്‍ക്കെതിരെയാണ് പരാതി. കാര്‍ഡിയോളജിസ്‌റ്റെന്ന് അവകാശപ്പെട്ട ഇയാള്‍ വിദേശത്ത് പഠനവും പ്രാക്ടീസും നടത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്നും യുകെയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ജോണ്‍ കാം ആയി ആള്‍മാറാട്ടം നടത്തിയാണ് മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ തെറ്റായ ചികിത്സയുടെ ഫലമായാണ് ഏഴ് രോഗികള്‍ മരിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസ്തുത മിഷനറി ആശുപത്രി പ്രധാനമന്ത്രി ആയുഷ്മാന്‍ യോജനയുടെ പരിധിയില്‍ വരുന്നതാണെന്നും സര്‍ക്കാര്‍ പണവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
2024 ഡിസംബറിനും 2025 ഫെബ്രുവരിക്കുമിടയില്‍ ആശുപത്രിയില്‍ മരണപ്പെട്ടവരെ കുറിച്ചാണ് അന്വേഷണം. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.