നടക്കാന്‍ പോലും പാടുപെടുന്ന ആനയുടെ മുറിവില്‍ മരുന്നെന്ന പേരില്‍ മഞ്ഞള്‍പ്പൊടിയും മറ്റും നിറയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
കണ്ണൂരില്‍ കൊടും ക്രൂരതയ്ക്ക് ഇരയായ ആനയെ ഉത്സവത്തിന് ഉപയോഗിക്കുന്നത് വിലക്കി വനം വകുപ്പ്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തില്‍ പൊട്ടിയൊലിക്കുന്ന വ്രണവുമായി മൂന്ന് മണിക്കൂറിലേറെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചിരുന്നു.
മംഗലംകുന്ന് ഗണേശന്‍ എന്ന അവശനായ ആനയെ പരിക്ക് വകവെക്കാതെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. ശരീരത്തിന്റെ ഇരു വശങ്ങളിലും കാലുകള്‍ക്ക് മുകളിലെ മുറിവുകള്‍ പഴുത്ത നിലയിലായിരുന്നു ആനയെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നത്.
നടക്കാന്‍ പോലും പാടുപെടുന്ന ആനയുടെ മുറിവില്‍ മരുന്നെന്ന പേരില്‍ മഞ്ഞള്‍പ്പൊടിയും മറ്റും നിറയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിയമങ്ങള്‍ ലംഘിച്ച് ആനയെ എഴുന്നള്ളിച്ചതില്‍ വനം വകുപ്പിന് വൈല്‍ഡ് ലൈഫ് റസ്‌ക്യുവര്‍ മനോജ് കാമനാട് പരാതി നല്‍കിയിരുന്നു.
Also Read: "കഴിക്കാൻ പൊറോട്ടയും ബീഫും വേണം"; പുരപ്പുറത്ത് കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്!
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ആനയെ ഇന്ന് തന്നെ തിരിച്ചയക്കണമെന്നും വ്രണം പൂര്‍ണ്ണമായും ഭേദമാകും വരെ ഒരിടത്തും കൊണ്ടുപോകരുതെന്നും നിര്‍ദേശം നല്‍കുകയും ചെയ്തു.
ആനയുടെ ഫിറ്റ്‌നസ് രേഖ ഉടമ നല്‍കിയിരുന്നുവെന്നും വനം വകുപ്പിന്റെ നിര്‍ദേശം പാലിക്കുന്നെന്നും തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.പി വിനോദ് കുമാര്‍ പറഞ്ഞു. വൈകീട്ട് തന്നെ ആനയെ പാലക്കാടേക്ക് തിരിച്ചുകൊണ്ടുപോയി.