ഗോകുലം ചിറ്റ്‌സില്‍ കയറിയ ഇഡി വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സിലേക്കു വരാതിരിക്കാനാണ് പ്രസ്താവനയെങ്കില്‍ അതിനുള്ള മാര്‍ഗം ഇതല്ല എന്നു മാത്രം പറയുന്നു
മലപ്പുറത്തെ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമ്പൂര്‍ണ സംഘപരിവാറുകാരനായി എന്നു കൂടി പ്രഖ്യാപിക്കുകയാണ്. മലപ്പുറത്തെ പ്രത്യേക രാജ്യമാക്കിയാല്‍ കാടാമ്പുഴ ഭഗവതിയേയും ആലത്തിയൂര്‍ ഹനുമാനേയും ചമ്രവട്ടം ശാസ്താവിനേയും അവിടുള്ളവര്‍ തന്നെ പിന്നെയും പൂജിക്കട്ടെ എന്നാണോ? തിരുനാവായ നാവാമുകുന്ദനും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയും യോഗം ജനറല്‍ സെക്രട്ടറി വിട്ടുകൊടുത്ത മലപ്പുറം രാജ്യത്താകും. തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടും കണ്ടു തൊഴണമെങ്കിലും പുതിയ രാജ്യത്തു നിന്ന് വിസ മേടിക്കേണ്ടി വരും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ചെന്നില്ലെങ്കിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള പതിനായിരങ്ങള്‍ ഇവിടെല്ലാം ഇനിയും പോയി സാഷ്ടാംഗം നമസ്‌കരിക്കും. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനെ വണങ്ങി നാരായം തൊഴുത് ആദ്യക്ഷരമെഴുതാന്‍ തുഞ്ചന്‍ പറമ്പിലേക്കും പോകും. വെങ്കിട്ടത്തേവരെ തൊഴാനും ആയുര്‍വേദസൗഖ്യം പ്രാപിക്കാനും കോട്ടയ്കക്കലേക്കും യോഗം ജനറല്‍ സെക്രട്ടറി ഒഴികെയുള്ള മലയാളികള്‍ സഞ്ചരിക്കും. സ്‌പോട് ലൈറ്റ് ആരംഭിക്കുന്നു.
സംഘസാക്ഷ്യം പറഞ്ഞ് സാക്ഷിമഹാരാജാവാകുന്നോ വെള്ളാപ്പള്ളി?
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിക്ക് ഏതു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും ആരേയും പഴിപറയാനും സ്വാതന്ത്ര്യമുണ്ട്. ഒരു സമുദായ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ പക്ഷേ പറയുന്നത് വസ്തുതാപരമാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കണം. വേറൊരു രാജ്യമാണെന്നും മറ്റാര്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറത്താണ് കാടാമ്പുഴയും, ആലത്തിയൂരും ചമ്രവട്ടവും. തിരുനാവായയും തിരുമാന്ധാംകുന്നും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടും അവിടെയാണ്. തിരൂര്‍ തുഞ്ചന്‍ പറമ്പും ഇവിടെ തന്നെയാണ്. കേരളത്തിലെ പ്രശസ്തമായ 108 ശിവക്ഷേത്രങ്ങളില്‍ പന്ത്രണ്ടെണ്ണം മലപ്പുറം ജില്ലയിലാണ്. ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ക്ഷേത്രങ്ങളുള്ള ജില്ലകൂടിയാണ് മലപ്പുറം. പുഴക്കാട്ടിരിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ രാമപുരം, കരിഞ്ചാപ്പടി, അയോധ്യാനഗര്‍, നാറാണത്ത് ക്ഷേത്രങ്ങള്‍ ഒരലോസരവുമില്ലാതെ എത്ര പതിറ്റാണ്ടുകളായി തുടരുന്നു. മുതുവല്ലൂര്‍ ഭഗവതിക്ഷേത്രത്തിന്റെ താഴികക്കുടത്തിന് ചെമ്പുപൂശി നല്‍കിയ സുലൈമാന്‍ ഹാജിയെ എങ്കിലും മറക്കാമോ.
ALSO READ: പൊന്നു വേണ്ടെന്നു പറയുമോ കേരളത്തിന്റെ ചെറുപ്പക്കാര്‍!
മലപ്പുറം ജില്ലയിലെ ന്യൂനപക്ഷങ്ങള്‍
മലപ്പുറം ജില്ലയില്‍ അഭികാമ്യമല്ലാത്തതെന്തോ ഉണ്ടെന്നു വരുത്തി തീര്‍ത്തുകൊണ്ടിരുന്നത് സംഘപരിവാര്‍ നേതാക്കളായിരുന്നു. കേരളത്തില്‍ അപരരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയിരുന്ന ജല്‍പനങ്ങളായിരുന്നു അത്. മറ്റു ജില്ലകളില്‍ നിന്നു ഭിന്നമായി മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയാണ്. മുസ്ലിംകള്‍ക്കിടയില്‍ ഒരല്ലലുമില്ലാതെയാണ് ഹിന്ദുക്കള്‍ അവിടെ ജീവിച്ചുപോരുന്നത്. കേരളമൊഴികെയുള്ള രാജ്യത്തെ ഹിന്ദുഭൂരിപക്ഷം മേഖലകളിലും മുസ്ലിംകള്‍ നേരിടുന്ന ഒരു വിവേചനവും മലപ്പുറത്ത് ഹിന്ദുക്കള്‍ നേരിടുന്നില്ല. അങ്ങനെ ഒരു പരാതി കഴിഞ്ഞ 68 വര്‍ഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനില്‍പോലും എത്തിയിട്ടില്ല. എന്തെല്ലാം വിവാദങ്ങളുണ്ടായിട്ടും രണ്ടു ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികളും മലപ്പുറത്ത് സുരക്ഷിതരാണ്. മലപ്പുറത്തിനെതിരെ ഉയരുന്ന വാദങ്ങള്‍ക്ക് ഒരു കാരണമേയുള്ളു; മറ്റിടങ്ങളില്‍ നിന്നു ഭിന്നമായി മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ട്. ചരിത്രാതീത കാലം മുതല്‍ തന്നെ അത് അങ്ങനെയായിരുന്നു. കുഞ്ഞാലിമരയ്ക്കാന്മാര്‍ സാമൂതിരിയുടെ രാജ്യത്തിന്റെ രക്ഷകരായി നിന്ന കാലത്തും പ്രദേശത്തെ ഭൂരിപക്ഷം മറ്റാര്‍ക്കുമായിരുന്നില്ല. ഒന്നാം മരയ്ക്കാരുടെ കാലത്തു തന്നെയാണ് എഴുത്തച്ഛന്‍ തിരൂര് ഉണ്ടായിരുന്നതും. സഹജീവിതത്തിന്റെ മഹത്തായ മലപ്പുറം മാതൃകയ്ക്ക് കുറഞ്ഞത് പത്ത് നൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്.
ALSO READ: Empuraan| വെട്ടിക്കൂട്ടിയ പടങ്ങള്‍ ആര്‍ക്കുവേണ്ടി?
ശ്രീനാരായണ പ്രസ്ഥാനത്തെ നയിച്ച്
പ്രഗ്യാസിങ് ഠാക്കൂറും സാക്ഷി മഹാരാജും ഉമാഭാരതിയുമൊക്കെ പറയുന്നതു പോലെയല്ല വെള്ളാപ്പള്ളി നടേശന്‍. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന് മഹത്തായ മാനവഐക്യത്തിനു രൂപംകൊടുത്ത ശ്രീനാരായണ ഗുരുസ്ഥാപിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അങ്ങനെ ഒരു കസേരയില്‍ ഇരിക്കുമ്പോള്‍ ജനം പ്രതീക്ഷിക്കുന്ന കുറഞ്ഞ ചില മാന്യതകളും മര്യാദകളുമുണ്ട്. ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് കൊല്ലവര്‍ഷം 1091 ഇടവം 15ന് ഗുരു പുറത്തിറക്കിയ ഒരു വിളംബരമുണ്ട്. 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. നമ്മുടെ ശിഷ്യവര്‍ഗങ്ങളില്‍ മേല്‍പ്പറഞ്ഞവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ചേര്‍ത്തിട്ടുള്ളുവെന്നും ചേര്‍ക്കുന്നുള്ളുവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്യുന്നു.' ശ്രീനാരായണ പ്രസ്ഥാനങ്ങളെ നയിക്കേണ്ടത് ജാതി പറയുന്നവരല്ല, ജാതിയും മതവും ഇല്ലാത്തവരാണെന്നാണ് ഗുരു പൊതുജനങ്ങളുടെ അറിവിലേക്കായി വിളംബരം ചെയ്തത്. ആ ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനത്തെ നയിക്കുന്നയാളാണ് മലപ്പുറത്തെക്കുറിച്ച് ഏറ്റവും ഹീനമായ പ്രസ്താവന നടത്തിയത്.
മലപ്പുറത്തെ സ്വതന്ത്ര വായു
മലപ്പുറത്ത് സ്വാതന്ത്ര്യത്തോടെ ഈഴവര്‍ക്ക് വായു ശ്വസിച്ചു നടക്കാന്‍ പറ്റുന്നില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേരളം രൂപീകൃതമായിട്ട് 68 വര്‍ഷമായി. ഇക്കാലത്തിനിടയ്ക്ക് എന്നെങ്കിലും മലപ്പുറത്ത് ഈഴവര്‍ക്കെതിരേ, വേണ്ട ഹിന്ദുക്കള്‍ക്കെതിരേ, ആക്രമണം ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തെ ഈഴവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ടുണ്ടോ? മലപ്പുറത്തെ എത്ര ഈഴവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു? മലപ്പുറത്തു നിന്ന് നൂറുകണക്കിന് ഈഴവര്‍ മുസ്ലിംകള്‍ക്കൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നില്ലേ? മുസ്ലിംകളെപ്പോലെ തന്നെ അവരും പുതിയ വീടുകള്‍ പണിയുകയും വിവാഹംകഴിക്കുകയും താമസിക്കുകയും ചെയ്യുന്നില്ലേ? മലപ്പുറത്തെ ഏതു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ലേ? മലപ്പുറത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഏതിലെങ്കിലും ഈഴവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാതെ വരുന്നുണ്ടോ? മലപ്പുറത്തെ ആയിരത്തിലേറെ ക്ഷേത്രങ്ങളില്‍ ഒന്നിലെങ്കിലും നോമ്പു മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ പൂജ മുടങ്ങിയിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഒരുപ്രശ്‌നവുമില്ല എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂ. പിന്നെയും വെള്ളാപ്പള്ളിമാര്‍ ഇതു തന്നെ പറയുന്നതിന് ഒരു കാരണമേയുള്ളു. ഇവിടെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കണം. 1925ല്‍ ആര്‍എസ്എസ് സ്ഥാപിതമായ കാലം മുതല്‍ കേരളത്തിലെങ്ങും ശാഖകളുണ്ട്. ആ ശാഖകള്‍ വഴി നടക്കാത്ത കാര്യമാണ് എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഗോകുലം ചിറ്റ്‌സില്‍ കയറിയ ഇഡി വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സിലേക്കു വരാതിരിക്കാനാണ് പ്രസ്താവനയെങ്കില്‍ അതിനുള്ള മാര്‍ഗം ഇതല്ല എന്നു മാത്രം പറയുന്നു.