വെള്ളിയാഴ്ച കോച്ചിംഗ് ക്ലാസിനായി വീട്ടിൽ നിന്നും പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്
ബംഗാളിലെ സൗത്ത് 24 പർഗാനയിലെ മഹിഷാമാരിയിൽ ട്യൂഷനു പോയ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പൊലീസിന്റെ അനാസ്ഥ ആരോപിച്ച് തെരുവിലിറങ്ങിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു.
വെള്ളിയാഴ്ച ട്യൂഷനുപോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍, ശനിയാഴ്ച പുലർച്ചെ 3.30 ഓടെ ശരീരമാകെ മുറിവേറ്റ നിലയിൽ സമീപത്തെ നദിക്കരയില്‍നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ രോഷാകുലരായ പ്രദേശവാസികൾ സമീപത്തെ പൊലീസ് സ്റ്റേഷന് തീയിടുകയായിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമെന്ന് പെൺകുട്ടി പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ പിതാവ് വീട്ടിലെത്തിയിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. അതേസമയം, പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രതികരണം. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും 19കാരനായ മൊസ്താകിൻ സർദാറിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ സംഭവത്തിൽ ഇതുവരെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് ലഭിക്കാതെ ബലാത്സംഗം സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. വടികളും ചൂലുമായി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലാണ്. എന്നിരുന്നാലും, സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുന്നെയുണ്ടായ സംഭവം മമത ബാനർജി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.